കണ്ടതും കേട്ടതും

March 5, 2006

കുട്ട്യേടത്തി കണ്ട ഇന്‍ഡോനേഷ്യ

Filed under: Uncategorized — കുട്ട്യേടത്തി|Kuttyedathi @ 9:27 pm

മധുവിധുരാവുകളും സുരഭില യാമങ്ങളും കഴിഞ്ഞു തിരിച്ചാപ്പീസിലെത്തിയതും ഇണ്ടാസ്‌ കിട്ടി. ഇന്‍ഡോനേഷ്യയിലേക്കൊരു പ്രോജക്റ്റ്‌ അസ്സൈന്‍മന്റ്‌ !

പ്രോജക്റ്റിനു പോകുന്നതൊക്കെയെനിക്ക്‌ വളരെയിഷ്ടമുള്ള കാര്യം തന്നെ. ഒന്നാമത്തെ കാരണം ശമ്പളം കിട്ടണതിനെക്കാള്‍ മൂന്നിരട്ടി കാശുണ്ടാക്കാം. പിന്നെ പുതിയ പുതിയ സ്ഥലങ്ങള്‍ കാണാം, കൂടുതലാളുകളെയുമവരുടെയൊക്കെ ജീവിതരീതികളേയുമടുത്ത്‌ പരിചയപ്പെടാം. എല്ലാറ്റിലുമുപരി എന്റെ സ്വന്തം മേഖലയിലെ ജ്ഞാനം വര്‍ധിപ്പിക്കുകയും ചെയ്യാം. വിജ്ഞാന ദാഹത്തെക്കാളേറെ റെസ്യുമേയില്‍ നല്ല നല്ല പ്രൊജക്റ്റുകള്‍ വരുമെന്നതാണീ യാത്രകളൊടുള്ള മമതയുടെ മറ്റൊരു കാരണം.

പക്ഷേ ഇതെല്ലാം കല്യാണത്തിനു മുന്‍പുള്ള കഥ. ഇതിപ്പോ മധുവിധുവിന്റെ കെട്ടു വിട്ടിട്ടില്ല. ഒരുനിമിഷം പോലും പിരിഞ്ഞിരിക്കാന്‍ വയ്യ ഞങ്ങള്‍ക്കെന്നൊക്കെ മൂഢ‌സ്വര്‍ഗത്തില്‍ കഴിയുന്ന സമയം.

വെള്ളിയാഴ്ചകള്‍ വരാന്‍ വേണ്ടി മാത്രമാണു ജീവിക്കുന്നതെന്നു തോന്നിയ ദിവസങ്ങള്‍. ഇനിയൊരിക്കലും തിങ്കള്‍ വരല്ലേ എന്നാശിച്ചിരുന്ന വെള്ളികള്‍.

“അപ്പളാ ഒരിന്തോനേഷ്യ. വേറെയാളെ നോക്കണം. എന്നെ കിട്ടൂല്ല ” എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു, പക്ഷേ…

പുട്ടടിക്കാന്‍ ജ്വാലിയില്ലാതെ പറ്റുമോ? അന്നന്നത്തെ പുട്ടിന്‌ വേണ്ടിയല്ലേ നമ്മളെല്ലാം.. ?

പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. ഡോക്യുമെന്റ്‍സൊക്കെ ശരിയായി വരാന്‍ രണ്ടുമൂന്നു മാസമെങ്കിലുമെടുക്കുമല്ലോയെന്ന് വ്യാമോഹിച്ചിരുന്ന എന്നെ അടിമുടി ഞെട്ടിച്ചുകൊണ്ട്‌ 2 ദിവസത്തിനകം വീസ സ്റ്റാമ്പ്‌ ചെയ്ത്‌ പാസ്പോര്‍ട്ട്‌ തിരിച്ചെത്തി !

അങ്ങനെ വിരുന്നുണ്ട്‌ തീരുന്നതിനു മുന്‍പേ ഇന്‍ഡോനേഷ്യക്കു പോകാന്‍ ഞാന്‍ പെട്ടി പായ്ക്ക്‌ ചെയ്തു.

തിരുവനന്തപുരത്തൂന്ന് സിങ്കപ്പൂര്‍ക്കു രാത്രി പന്ത്രണ്ടരക്കു കേറി, 4 മണിക്കൂറു കഴിഞ്ഞ്‌ സിങ്കപ്പൂരിലിറങ്ങി ഒരു മണിക്കൂര്‍ കഴിയുമ്പോ വീണ്ടും സിങ്കപ്പൂര്‍ നിന്ന് ജക്കാര്‍ത്തയിലേക്കടുത്ത ഫ്ലൈറ്റില്‍.

തിരുവനന്തപുരത്തൂന്ന് ഫ്ലൈറ്റ്‌ പുറപ്പെട്ടത്‌ തന്നെ അര മണിക്കൂറോളം ലേറ്റായിട്ട്‌. സിങ്കപ്പൂരില്‍ ചെന്നിറങ്ങുമ്പോള്‍ ജക്കാര്‍ത്ത ഫ്ലൈറ്റ്‌ പുറപ്പെടാന്‍ വെറും 25 മിനിറ്റ്‌ മാത്രം! സിങ്കപ്പൂര്‍ ചാങ്കി ഏയര്‍പ്പോര്‍ട്ടെന്നു പറഞ്ഞാലെന്താ ഏയര്‍പ്പോര്‍ട്ട്‌. നമ്മുടെ രമ്പുന്തനവരുതിക്കൊക്കെ ‘യെങ്ങനെ ‘യിന്റര്‍നാഷ്‌നല്‍’ പട്ടം കിട്ടിയെടാ ‘ എന്നല്‍ഭുതപ്പെട്ടു പോകും. ഇറങ്ങിയ റ്റെര്‍മിനലില്‍ നിന്നും ജക്കാര്‍ത്ത ഫ്ലൈറ്റിന്റെ റ്റെര്‍മിനലിലേക്ക്‌ ഡയറക്ഷന്‍സ്‌ നോക്കി ഞങ്ങള്‍ നടക്കാന്‍, അല്ലാ ഓടാന്‍ തുടങ്ങി.

ഈ ചട്ടമ്പിസ്വാമികള്‍ എന്നൊക്കെ പറയണ പോലെ കുട്ട്യേടത്തി ബഹുമാനപുരസ്സരം ‘ഞങ്ങള്‍’ എന്നു പറഞ്ഞതാണെന്ന് വിചാരിച്ചോ?അല്ലെന്നേ. എന്റെ കൂടെ എന്റെ മാനേജര്‍ കൂടിയുണ്ടെന്നതൂ ഞാന്‍ പറയാന്‍ വിട്ടു പോയതാ. അങ്ങേരെന്നെങ്കിലുമിതൊക്കെ വായിച്ച് എന്റെ പേരില്‍ മാനനഷ്ടക്കേസ്‌ ഫയല്‍ ചെയ്യാതിരിക്കാനൊരു മുന്‍കരുതലെന്ന നിലയില്‍ നമുക്കദ്ദേഹത്തെ ആദ്യന്തം വെറും മനേജറെന്നു മാത്രം വിളിക്കാം.

ഞാനാരാ ബുദ്ധിമതി? ഇങ്ങനെയൊക്കെ സംഭവിക്കുമെന്നറിയാവുന്നതു കൊണ്ടു ഞാന്‍ ലാപ്ടോപ്പൊഴികെ ബാക്കി എല്ലാ ലഗേജും ചെക്കിന്‍ ചെയ്യിച്ചു. മനേജരാകട്ടെ, എന്റത്ര ബുദ്ധിയില്ലാത്തതു കൊണ്ട്‌ വല്യ ഒരു പെട്ടി കയ്യിലെടുത്തിട്ടുണ്ട്‌. ഞാനാളുകളെയൊക്കെ വകഞ്ഞ്‌ മാറ്റി മീന്‍ വെള്ളത്തില്‍ കൂടെ പോകുന്ന പോലെ വളഞ്ഞു പുളഞ്ഞോട്ടമാണ്‌. മാനേജര്‍ പാവം പെട്ടിയും വലിച്ചെന്റെ പിന്നാലെ ഓടിയെത്താന്‍ വല്ലാതെ കഷ്ടപ്പെടണുണ്ട്‌.

ആമയും മുയലുമോട്ടത്തിന്‌ പോയപോലെ ഞാന്‍ കുറച്ച്‌ ദൂരമോടിയിട്ടു തിരിഞ്ഞു നില്‍ക്കും. മാനേജരുടെ പൊടി പോലുമില്ല! അപ്പോ ഞാനതേ വെഗത്തില്‍ യൂ റ്റേണെടുത്ത്‌ 2-3 സ്റ്റെപ്പ്‌ പിന്നോട്ടോടി നോക്കും. അപ്പോള്‍ കാണാം പാവം മാനേജര്‍ പെട്ടിയൊക്കെ തൂക്കി പിടിച്ച്‌ ‘വയറിതാ മുന്നേ ഞാനിതാ പിന്നേ ‘ എന്നുള്ള രീതിയില്‍ പ്രാഞ്ചി പ്രാഞ്ചി വരുന്നത്‌. ഞാനുടനെ റിവേഴ്‍സ്‌ ഗിയറിലിട്ട്‌ പുറകോട്ടോടിക്കൊണ്ടു കയ്യും കാലുമൊക്കെ പൊക്കിക്കാണിച്ചു. “കണ്ണെത്തണ ദൂരത്തില്‍ തന്നെ ഞാനുണ്ടുട്ടോ, ഫ്ലൈറ്റ്‌ പിടിച്ചു നിറുത്തണ കാര്യം ഞാനേറ്റെന്നെ. ഒന്നും പേടിക്കേണ്ട” എന്നെല്ലാമുറപ്പു കൊടുത്തിട്ട് എന്റെ ഓട്ടം തുടരും.

അങ്ങനെയോടിക്കിതച്ചു ഞങ്ങള്‍ ജക്കാര്‍ത്ത ഫ്ലൈറ്റിലെങ്ങനെയൊക്കെയോ കേറിപ്പറ്റി. ഒരു മണിക്കൂറ്‌ കൊണ്ട്‌ ജക്കാര്‍ത്തയിലെത്തി. ഏയര്‍പ്പോര്‍ട്ടിലിറങ്ങി ഇമ്മിഗ്രേഷന്‍ ചെക്കിനുള്ള ഭാഗത്തേക്കു നടക്കുന്ന വഴിക്കതാ ഒരു പേപ്പറില്‍ മത്തങ്ങാ വലിപ്പത്തിലെന്റെ പേരെഴുതി വച്ചിരിക്കണൂ !

ഹോ ഞാനെന്നെക്കൊണ്ടു തോറ്റു. ഈ പോപ്പുലാരിറ്റി പണ്ടേയെനിക്കിഷ്ടമില്ലാത്ത കാര്യമാണ്‌. ഈ യാത്ര പരമരഹസ്യമാക്കി വച്ചിരുന്നതാണല്ലോ. എന്നിട്ടും ഫാന്‍സാരോ മണത്തറിഞ്ഞിരിക്കണൂ. ജക്കാര്‍ത്തയില്‍ പോലും ഞാന്‍ ഫേയ്മസാണെന്നു വച്ചാലെന്താപ്പൊ ചെയ്ക ?

ഇതിലൊന്നും മതിമറന്നു പോകുന്ന ആളല്ല മോനേ ഈ ഞാനെന്നു മനസ്സിലുറപ്പിച്ചു മുന്നോട്ടു നടന്നപ്പോ ദേ ‘വീണ്ടുമതേ വായ്നാറ്റം’ എന്നു പറഞ്ഞ പോലെ വീണ്ടും അതേ പേപ്പറില്‍ അതേ പേര്‌.

ഞാനാ റ്റൈപ്പല്ല കേട്ടോ. നിങ്ങള്‍ക്കാളു മാറിപ്പോയതായെന്നൊക്കെ മനസ്സില്‍ പറഞ്ഞു മുന്നോട്ടു നീങ്ങി.

‘കണ്ടവരുണ്ടോ’ എന്നാരിക്കുമോ? ഏയ്‌, അതിനു ഫോട്ടം കൂടി വക്കേണ്ടതല്ലേ ?

‘വാണ്ടട്‌’ എന്നാരിക്കുമോ.. ? കുപ്രസിദ്ധ കുറ്റവാളിയും അന്താരാഷ്ട്ര കള്ളക്കടത്തുകാരിയുമായ കുട്ട്യേടത്തിയെ പിടിച്ചു കൊടുക്കുന്നവര്‍ക്ക്‌ തക്ക ഇനാമെന്നൊക്കെ. ഏയ് ആയിരിക്കില്ല.

ദേ പിന്നേമെഴുതി വച്ചിരിക്കണൂ. ഇതു മഹാ തെണ്ടിത്തരമല്ലേ? കൃഷ്ണന്നായര്‌ വായിച്ചിരുന്നെങ്കില്‍ ‘ജുഗുപ്സാവഹമെന്ന്’ പറഞ്ഞേനെ. കേവലമൊരു കൊച്ചുപെണ്‍കുട്ടി(?)യായ എന്റെ, അതും ദാമ്പത്ത്യ ജീവിതത്തില്‍ പിച്ചവച്ചു തുടങ്ങിയിട്ടു മാത്രമുള്ള ഒരു പുത്തനച്ചിയുടെ പേരിങ്ങനെ പരസ്യമായി ഏയര്‍പോര്‍ട്ടായ ഏയര്‍പോര്‍ട്ട്‌ മുഴുവനുമെഴുതിവക്കാന്‍ പാടുണ്ടോ ? ഇത്‌ ചോദിച്ചിട്ട്‌ തന്നെ കാര്യം.

എന്താണെന്നൊന്നു വായിച്ചു നോക്കട്ടെ. ‘കുട്ട്യേടത്തി, പ്ലീസ്‌ റിപ്പോര്‍ട്ട്‌ അറ്റ്‌ ദ ‘ലോസ്റ്റ്‌ ആന്‍ഡ്‌ ഫൌണ്ട്‌’ കൌണ്ടര്‍’ എന്നാണാ പേപ്പറിലെഴുതിയിരിക്കണത്‌. എന്നിട്ടടിയില്‍ കോളേജ്‌ പിള്ളാര്‌ ലൌ സൈന്‍ വരച്ചിട്ട് ആരോയിടണ പോലെ ഒരാരോയും.

പിന്നീടങ്ങോട്ട് ‘ആരോ’ കാണിച്ച വഴിയിലൂടെയായി എന്റെ നടപ്പ്‌.

‘ലോസ്റ്റ്‌ ആന്റ്‌ ഫൌണ്ടോ’ ? എന്റെയെന്തെങ്കിലും കാണാതെ പോയെന്നു ഞാനാരോടും പരാതിയൊന്നും പറഞ്ഞില്ലല്ലോ. കഴുത്തിലെ മാല യഥാസ്ഥാനത്ത്‌ തന്നെയുണ്ട്. മാലയുടെ അറ്റത്ത്‌ താലി, അതുമുണ്ട്‌. പേരെഴുതിയ മോതിരം, കാലിലെ പാദസരം… എല്ലാം ഉണ്ട്. കമ്മലിന്റെ പിരിയൊക്കെ മുറുകി തന്നെയാണല്ലോ. ലാപ്റ്റോപ്‌ തോളത്തുണ്ട്‌. പഴ്സും അതിനുള്ളില്‍ ഒരാവശ്യവുമില്ലാതെ വച്ചിരിക്കുന്ന ഇന്‍ഡ്യന്‍ രൂപായും അവിടെത്തന്നെയുണ്ട്‌. പിന്നെ ഇന്‍ഡോനേഷ്യയിലെ ഉപയോഗങ്ങള്‍ക്കായി ആപ്പീസില്‍ നിന്നും തന്ന 600 ഡോളറും അവിടെത്തന്നെയുണ്ട്‌.

ഇനിയിപ്പോ എന്നെത്തന്നെയാരിക്കുമോ കാണാതെ പോയത്‌ ?

തെരക്കില്‌ ഞാന്‍ ഫ്ലൈറ്റ്‌ മാറിയോ മറ്റോ ആണോ കേറിയത്‌? അപ്പോള്‍ പിന്നെ യിതേതെയര്‍പോര്‍ട്ട്‌? ദൈവമേ..എവിടെയെങ്കിലുമൊന്നു ‘ജക്കാര്‍ത്ത’ എന്നെഴുതിയിരിക്കണ കണ്ടിരുന്നെങ്കില്‍ ഉറപ്പിക്കാമായിരുന്നു.

അങ്ങനെ നടന്നു നടന്നു ലോസ്റ്റ്‌ ആന്‍ഡ്‌ ഫൌണ്ടിലെത്തി. അതിന്റെ വാതില്‍ക്കലുമെഴുതി വച്ചിട്ടുണ്ടെന്റെ തിരുനാമധേയം. കൊടുങ്കാറ്റു പോലെയതിനകത്തേക്കു കേറിയിട്ടു ഞാന്‍ ചോദിച്ചു.

” ഞാനാണു നിങ്ങളന്വേഷിക്കുന്ന കുട്ട്യേടത്തി. എന്തിനാണു നിങ്ങളീ ഏയര്‍പോര്‍ട്ടിലാകമാനമെന്റെ പേരെഴുതി ഒട്ടിച്ചു വച്ചിരിക്കണത്‌? “

” ഞങ്ങള്‍ നിങ്ങളോടു മാപ്പു ചോദിക്കുന്നു. ഇങ്ങനെ സംഭവിച്ചതില്‍ ഞങ്ങള്‍ക്കതിയായ ഖേദമുണ്ട്‌”

എങ്ങനെ സംഭവിച്ചതില്‍? അല്ല, ആക്ച്ച്വലിയെന്താ പ്രശ്നം?ഇതുങ്ങളെല്ലാമെന്തിനാ എന്നോട്‌ ക്ഷമ ചോദിക്കണേ?

“നിങ്ങളുടെ ഫ്ലൈറ്റ്‌ സിങ്കപ്പൂരിലെത്താന്‍ വൈകിയതാണെല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. “

എന്തു പ്രശ്നം? എനിക്കു പ്രശ്നമൊന്നുമില്ലല്ലോ. നിങ്ങള്‍ക്കെന്തെങ്കിലും പ്രശ്നമുണ്ടോ? ഒന്നു പറഞ്ഞു തൊലക്കെന്റെ പെങ്കൊച്ചേ…

” സിങ്കപ്പൂര്‍ ഫ്ലൈറ്റ്‌ വന്നതിനും ജക്കാര്‍ത്ത ഫ്ലൈറ്റ്‌ പൊങ്ങുന്നതിനുമിടയില്‍ ഞങ്ങള്‍ക്ക വളരെ കുറച്ച്‌ സമയമേ കിട്ടിയുള്ളൂ. “

അതെനിക്കുമങ്ങനെ തന്നെ. ഞാനോടിയ ഓട്ടത്തിന്റെ കിതപ്പിപ്പളും മാറിയിട്ടില്ല!

“നിങ്ങള്‍ നിങ്ങളുടെ പേരുമഡ്രസ്സും താമസിക്കുന്ന സ്ഥലത്തെ ഫോണ്‍ നമ്പറും തന്നാല്‍ ഞങ്ങള്‍ സാധനം നിങ്ങളുടെ വീട്ടില്‍ കൊണ്ടു വന്നു തരാം “

എന്തോന്ന് ? അയ്യേ…. ച്ചേ ച്ചേ…. ഞാനാ റ്റൈപ്പല്ല്ലാന്ന് ആദ്യമേ പറഞ്ഞതല്ലേ ? ഏത്‌ സാധനത്തിന്റെ കാര്യമായിവരീ പറയണത്‌ ? പണ്ട്‌ ദാസനും വിജയനും കൂടി ‘സാധനം കയ്യിലുണ്ടേ’ എന്ന് വിളിച്ച്‌ കൂവി നടന്നതോര്‍മ വന്നു എനിക്കപ്പോള്‍.

” നിങ്ങളുടെ ഒരു പെട്ടി മിസ്സിങ്ങാണ്‌. നിങ്ങള്‍ വന്ന ഫ്ലൈറ്റിലാ പ്പെട്ടി എത്തിയിട്ടില്ല. സിങ്കപ്പൂരില്‍ വച്ച്‌ പെട്ടികളൊരു ഫ്ലൈറ്റില്‍ നിന്നും മറ്റൊന്നിലേക്ക്‌ മാറ്റിയപ്പോള്‍ സംഭവിച്ച ഒരു .. “

ഓഹോ…. അപ്പമതാണു കാര്യം ??

” നിങ്ങളുടെ കാണാതായ പെട്ടിയുടെ നിറം, മണം, ഗുണം, രുചി, കടുപ്പം, നീളം പൊക്കം, വണ്ണം, ബ്രാന്‍ഡ്‌ ഇതെല്ലം ഈ പേപ്പറിലെഴുതി നിങ്ങളുടെ അഡ്രസും എഴുതി തന്നിട്ട്‌ നിങ്ങള്‍ക്കു പോകാം. പെട്ടി നിങ്ങളുടെ വീട്ടിലെത്തിക്കും ഞങ്ങള്‍.”

” ഇനി അഥവാ പെട്ടി നഷ്ടപ്പെട്ടാല്‍.. പെട്ടി കിട്ടിയില്ലെങ്കില്‍, ഞങ്ങള്‍ നഷ്ടപരിഹാരമായി നിങ്ങള്‍ക്ക്‌ 200 ഡോളര്‍ തരും “

ഇത്‌ കൊള്ളാമല്ലോ!! എന്റെ പെട്ടിയിലാകെയുള്ളത്‌ 3-4 ജോടി പാന്റ്സും ഒരഞ്ചോ ആറോ ഷര്‍ട്ട്‌/റ്റോപ്പും. റ്റോപ്പൊക്കെ ബാങ്ക്ലൂരില്‍ന്നു സെയ്‌ലിനും മറ്റും മേടിച്ചത്‌. മൂന്നെണ്ണം നൂറു രൂപ ഓഫറില്‍ മേടിച്ചതാണധികവും. ഞാനൊരൊന്നാന്തരം പിശുക്കിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലാല്ലേ ? ഒരു രൂപാ ചെലവാക്കണതിന്‌ മുന്‍പ്‌ 3 പ്രാവശ്യമാലോചിച്ച്‌ കളയും. (ഞാനിപ്പോളീയൊരു രൂപാ കൊടുത്ത്‌ മേടിക്കാന്‍ പോകുന്ന സാധനം/സേവനം 95 പൈസക്ക്‌ വേറെയെവിടെയെങ്കിലും കിട്ടാനെന്തെങ്കിലും സാധ്യതയുണ്ടോ എന്നും മറ്റുമൊക്കെ ചിന്തിച്ചിട്ടേ ഒരു രൂപ പോലും ചെലവാക്കൂ).

പെട്ടി കിട്ടിയില്ലെങ്കില്‍ കിട്ടാന്‍ പോകുന്ന 200 ഡോളര്‍ കൂടി കിട്ടുമ്പോ എന്റെ അക്കൌണ്ടിലെ ബാലന്‍സെത്രയാകുമെന്നൊക്കെ കാല്‍ക്കുലേറ്റ്‌ ചെയ്തു കൊണ്ട്‌ ഞാനവരുടെ ഫോം ഫില്ല് ചെയ്യാന്‍ തുടങ്ങി.

ഏതു പെട്ടിയാ കാണാതെ പോയതെന്നറിഞ്ഞാലല്ലേ പെട്ടീടെ നീളവണ്ണനിറാദികളെഴുതാന്‍ പറ്റുള്ളൂ..

തൊട്ടു മുന്‍പിലുള്ള ബാഗേജ്‌ ക്ലെയിം ഏരിയയില്‍ പെട്ടികളൊക്കെ യിങ്ങനെ ബെല്‍റ്റിലൂടെ കറങ്ങി നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. എല്ലാവരുമൊക്കെ പെട്ടിയെടുത്ത്‌ പോയിക്കഴിഞ്ഞിരുന്നതുകൊണ്ട്‌ ഞങ്ങളുടെ പെട്ടി കണ്ടുപിടിക്കാന്‍ കഷ്ടപ്പെടേണ്ടി വന്നില്ല. എന്റെ ഒരു പെട്ടി വന്നു.

അപ്പോള്‍ മറ്റവനാണല്ലേ പോയത്‌ ? അതിനകത്ത്‌ ചുമ്മാ നേറ്റിതുണികള്‍ മാത്രം..എല്ലാം പീറചുരിദാറുകള്‍. മൊത്തം 500 രൂപയുടെ തുണി പോലുമില്ല.

ആനന്ദ ലബ്ധിക്കിനിയെന്ത്‌ വേണം ? ഹായ്‌ ഹായ്‌.. ഞാനിങ്ങനെ കിട്ടാന്‍ പോകുന്ന 200 ഡോളറിനെ പറ്റിയുള്ള സുന്ദര സ്വപ്നങ്ങളില്‍ ലയിച്ച്‌ മാനേജര്‍ കൂടി പെട്ടിയെടുത്ത്‌ വരാന്‍ വെയിറ്റ്‌ ചെയ്യുകയാണ്‌. ദൈവമേ… പെട്ടിയിനിയവര്‍ക്ക്‌ കിട്ടുമോ ?

എയ്‌..ഇല്ലാരിക്കുമല്ലേ.. ? സിങ്കപ്പൂര്‍ ഏയര്‍പോര്‍ട്ടിലൊരു ദിവസം വന്നിറങ്ങുന്ന ലക്ഷക്കണക്കിനു പെട്ടികളില്‍ നിന്നെന്റെയീ പച്ച നിറമുള്ള പെട്ടി എങ്ങനെ കിട്ടാന്‍ ?

ദൈവമേ… കിട്ടല്ലേ… അന്തോനീസ്‌ പുണ്യാളോ….വേളാങ്കണ്ണി മാതാവേ… മുതലക്കുടത്ത്‌ മുത്തപ്പോ… ചാവറയച്ചോ…. ഞാന്‍ കൂടു തുറന്നൊരു കുര്‍ബാന ചെല്ലിച്ചേക്കാമേ.

പെട്ടിയുടെ നിറവും നീളവും ബ്രാന്‍ഡുമൊക്കെ തെറ്റിച്ചെഴുതി ക്കൊടുത്താലോ ? ഹോ .. ഞാനെന്നെക്കൊണ്ട്‌ പിന്നേം തോറ്റു. യെന്തൊക്കെ ഐടിയകളാ? യെന്തൊരു പുത്തിയാ യെനിക്ക്‌. ?

“അയ്യോ..എന്റെ കാണാതെ പോയ പെട്ടി പോലെ തന്നെയിരിക്കുന്നല്ലോ ആ പെട്ടി ” ബെല്‍റ്റിലൂടെയൊഴുകി വരുന്ന പെട്ടി നോക്കി ഞാനുറക്കെ പറഞ്ഞു പോയി.

ഓ…ആ പെട്ടിയെന്റെ വീട്ടിലുണ്ടാക്കിയതൊന്നുമല്ലല്ലോ..എത്രയോ ആളുകള്‍ക്ക്‌ കാണുമതുപോലൊന്ന്.

എന്നാലുമെന്റെ പെട്ടീടെയതേ നിറം..അതേ ബ്രാന്‍ഡ്‌.. അതേ നീളം വണ്ണാം..പൊക്കം.. എന്റെ അതേയിഷ്ടാനിഷ്ടങ്ങളുള്ള ആരുടെയോ ആയിരിക്കണമല്ലോ അത്‌.

കല്യാണം കഴിഞ്ഞു പോയി… ഇനിയിപ്പോ ഇഷ്ടാനിഷ്ടങ്ങളുള്ളയാളെ കണ്ടു ‍പിടിച്ചിട്ടും കാര്യമൊന്നുമില്ല..എന്നാലും ആ പേരൊന്നു വായിച്ചേക്കാം.

പെട്ടിയെന്റെ അടുത്തെത്തി. ‘കുട്ട്യേടത്തി’ ടെക്നോപാര്‍ക്ക്‌, കേരള’

കൊള്ളാം !! പേരു ബോറാണെങ്കിലും മലയാളിയാണല്ലോ.

“അയ്യോ..അതെന്റെ പേരല്ലേ ‘ ???..’ഐടന്റിറ്റി തെഫ്റ്റ്‌’ !!! ഏതോ കള്ളിയവളുടെ പെട്ടിയിലെന്റെ പേരെഴുതിയൊട്ടിച്ചിരിക്കുന്നു.

ഈശ്വരാ..അതെന്റെ കയ്യക്ഷരം പോലുണ്ടല്ലോ ..

അപ്പോ കാണാതെ പോയീന്ന് പറഞ്ഞ്‌ വെറുതെ കൊതിപ്പിച്ചിട്ട്‌ ?

മാനേജര്‍ ഒരു പെട്ടികിട്ടി രണ്ടാമത്തെ പെട്ടി തപ്പി നടപ്പാണ്‌. അപ്പോളേക്കുമെനിക്ക്‌ പതുക്കെ സംഭവത്തിന്റെ കെടപ്പുവശം പിടികിട്ടി തുടങ്ങി.

പെട്ടി കാണാതെ പോയതെന്റെയല്ല, മാനേജറിന്റെയാണ്‌. !!!!!

പിന്നെന്തിനീ ദ്രോഹികളെനിക്കാശ തന്നു ? ആന കൊടുത്താലും.. ആശ കൊടുക്കരുതെന്നല്ലേ ?

അതു നമ്മുടെ രമ്പുന്തനവരുതിക്കാര്‌ പറ്റിച്ച പണിയാണ്‌. ഒരുമിച്ചു യാത്ര ചെയ്യുന്ന ഒന്നിലധികമാള്‍ക്കാരുടെ ടിക്കറ്റ്‌ ഒരുമിച്ചു ചെക്കിന്‍ ചെയ്യാന്‍ കൊടുത്താല്‍ , 2 പേര്‍ക്കുമടുത്തടുത്തുള്ള സീറ്റ്‌ കിട്ടുമെന്നു മാത്രമല്ല, 2 പേരുടേയും പെട്ടികളുമവരൊരുമിച്ച്‌ ചെക്കിന്‍ ചെയ്യും. പെട്ടിയിലൊട്ടിക്കാനുള്ള ഐഡന്റിഫിക്കേഷന്‍ റ്റാഗ്‌ പ്രിന്റ്‌ ചെയ്യുമ്പോ, ആരുടെയെങ്കിലുമൊരാളുടെ പേരില്‍ പ്രിന്റ്‌ ചെയ്തിട്ടെല്ലാ പെട്ടിയിലുമൊട്ടിക്കും. അങ്ങനെ മനേജരുടെ പെട്ടിയേലുമെന്റെ പേരായി പോയി.

പാവം ഞാന്‍ ഒരിക്കലും കിട്ടാത്ത ഡോളറിനെ പറ്റി മോഹന സുന്ദരമായ നടക്കാത്ത സ്വപ്നങ്ങള്‍ കണ്ട്‌ വെള്ളമിറക്കിയത്‌ മിച്ചം !!!!!

March 1, 2006

മില്യണ്‍ ഡോളര്‍ ബേബി!(പ്ര. പു. 2)

Filed under: Uncategorized — കുട്ട്യേടത്തി|Kuttyedathi @ 8:06 pm

അപ്പോ നമ്മളിവിടെയാ നിര്‍ത്തിയത്.

വയറ്റിലൊരാന്തല്‍ പോലെ…

ങ്ഹാ പറയാന്‍ മറന്നു. ഒന്നര മാസമായി കടുത്ത കോണ്‍സ്റ്റിപ്പേഷന്‍. ഒന്നര മാസത്തിനിടയില്‍ പ്രകൃതിയുടെ രണ്ടാമത്തെ വിളി വന്നിട്ടേയില്ലെന്നു പറഞ്ഞാല്‍ അതില്‍ തീരെ അതിശയോക്തിയില്ല. എന്നാല്‍ തീറ്റിക്കു വല്ല കുറവുമുണ്ടോ ?

ഡോക്ടറിനോട്‌ പറയുമ്പോ അയണ്‍ റ്റാബ്ലറ്റ്‌ കഴിക്കുമ്പോ ചിലര്‍ക്കങ്ങനെ വരുമത്രേ. വെള്ളം നന്നായി കുടിക്കണം, നാരുള്ള ഭക്ഷണം കഴിക്കണമെന്നൊക്കെ സ്ഥിരം പല്ലവി. എന്നാലയണ്‍ റ്റാബ്ലറ്റങ്ങ്‌ നിറുത്തിക്കളയാമെന്ന് വച്ചാലോ, ഹീമോഗ്ലോബിന്‍ കൌണ്ട്‌ വല്ലാതെ കുറവും.

സെബസ്ത്യാനോസുപുണ്യാളന്റെ കപ്പേളേലെ പെരുന്നാളിനു കതിന പൊട്ടിക്കണ മാതിരി പൊട്ടീരാണ്‌ ഞാന്‍. പൊതുനിയമങ്ങളെയൊക്കെ കാറ്റില്‍പ്പറത്തി (അല്ലെങ്കിലും ഗര്‍ഭിണിക്ക്‌ പൊതുനിയമങ്ങളിലെല്ലാം അയവ്‌ കിട്ടാറുണ്ടല്ലോ ) എന്റെ ഗുണ്ടുകളെല്ലം മള്‍ട്ടിമീഡിയ ആയിരുന്നു.

കൂടെ ജീവിക്കുന്ന ഭര്‍ത്താവെന്നു പറയുന്ന ആ പാവനാത്മാവിന്റെ മൂക്കിനെ പറ്റിയൊന്നോര്‍ത്തു നോക്കൂ. (അതു ദൈവത്തിന്‌ പറ്റിയ ഒരു ഡിസൈന്‍ എറര്‍/മിസ്റ്റേക്‌ ആണെന്നെനിക്ക്‌ പണ്ടേ തോന്നിയിട്ടുണ്ട്‌. ശ്വസിക്കുന്നതും മണം പിടിക്കുന്നതും കൂടി ഒരിടത്ത്‌ വച്ചത്‌. അല്ലെങ്കില്‍ പിന്നെ മൂക്കങ്ങ്‌ പെര്‍മനെന്റായിട്ടടച്ച്‌ വക്കാമാരുന്നു.)

അന്നു രാവിലെ വയറൊന്നിളകാനുള്ള മരുന്ന് (പ്രൂണ്‍ ജ്യൂസ് + സ്റ്റൂള്‍ സോഫ്റ്റ്നര്‍) കഴിച്ചിരുന്നു.

” മ്‌ഹ്‌..മരുന്ന് ഫലിച്ചൂന്നാ തോന്നണേ.”ബാത്‌റൂമിലേക്കോടുന്ന വഴി ഞാന്‍ ആത്മഗതം നടത്തി.

ഇല്ല..പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. !!!

പിന്നീട്‌ 7.30 ക്കുള്ള ‘ഓര്‍മ’കണ്ടുകൊണ്ടിരുന്നപ്പ്പോ വീണ്ടും അതേ ആന്തല്‍.. ഇക്കുറിയുമൊന്നും സംഭവിച്ചില്ല. പക്ഷേ സംശയം തോന്നിത്തുടങ്ങി… ഇതാരിക്കുമോ ഈ പ്രസവ വേദന.. ??

ഏയ്‌.ഇതാരിക്കില്ല.ആരോടാ ചോദിക്കുക ??

4 പെറ്റിട്ടുള്ള അഞ്ചാമത്തെ ഷൂട്ടിംഗ്‌ തീര്‍ത്ത്‌ വച്ചിരിക്കണ ചേച്ചിയെ വിളിച്ചു…

” ഓ…എടീ എനിക്കങ്ങിനെ പെയിനൊന്നും വരാറില്ല. നടുവിനൊരു വേദന ..അത്രേ ഉള്ളൂ.”
ഭാഗ്യവതി.

അക്കനെ വിളിച്ചു. ” എന്റെ സിസേറിയനല്ലാരുന്നോ 2 ഉം ? “

അമ്മയെ വിളിച്ചു. “ഓ..എനിക്ക്‌ ചുമ്മാ ഒന്ന് ഒന്നിന്‌ പോണമെന്നു തോന്നും”

കഷ്ടം പാഴായ ജന്മങ്ങള്‍ !!! :) )

അപ്പോളേക്കും മൂന്നാം വട്ടവും വന്നു, അതേ ആന്തല്‍ .സംശയമില്ല, ഇത്‌ ലവന്‍/ലവള്‍ തന്നെ.അത്താഴം കഴിച്ച്‌, കുളിച്ച്‌ ഫ്രഷ്‌ ആയി, രാത്രി 12മണിയോടെ ഞങ്ങള്‍ ഹോസ്പിറ്റലിലെത്തി.

വീട്ടില്‍ന്നിറങ്ങുന്നതിന്‌ മുന്‍പേതന്നെ ഞങ്ങളുടെ 2 പേരുടെയും എല്ലാ ഒഫിഷ്യല്‍ റെക്കോര്‍ട്സും ഒരു പഴ്സിലാക്കി അത്‌ മനൂന്റെ പോക്കറ്റിലുണ്ട്‌. ഈ അമേരിക്ക മഹാരാജ്യത്ത്‌ ഞങ്ങള്‍ക്ക്‌ ജീവിക്കാനത്യാവശ്യമായ മുഴുവന്‍ സാധനങ്ങളുമെന്നു പറയാം. 2 പേരുടെയും ഡ്രൈവിംഗ്‌ ലൈസന്‍സ്‌, സോഷ്യല്‍ സെക്യൂരിറ്റി കാര്‍ട്‌, ഹോസ്പിറ്റലിലെ പേഷ്യന്റ്‌ കാര്‍ട്‌, ക്രടിറ്റ്‌ കാര്‍ടുകള്‍, ഇന്‍ഷുറന്‍സ്‌ കാര്‍ടുകള്‍ എന്നുവേണ്ട സകല സംഭവങ്ങളുമതില്‍ തന്നെ. ഞങ്ങള്‍ ഞങ്ങളാണെന്ന് തെളിയിക്കാനും പിന്നെ ഹോസ്പിറ്റലില്‍ ചികില്‍സ കിട്ടാനുമിതെല്ലാം തന്നെ അത്യാവശ്യം വേണ്ടതാണ്‌.

കൂടാതെ ഞങ്ങളുടെ കയ്യിലാകെയുള്ള ഒരായിരതഞ്ഞൂറോളം ഡോളാറുമിതേ പഴ്സില്‍ത്തന്നെയുണ്ട്‌. അമേരിക്കയിലെ രീതികളൊന്നും ശരിക്കറിയാത്തത്‌ കൊണ്ട്‌ മാത്രം സംഭവിച്ച ഒരബധ്ധമാണത്‌. ഇവിടെയാരുമങ്ങനെ പഴ്സില്‍ പൈസയൊന്നും കൊണ്ടുനടക്കാറില്ല. ക്രടിറ്റ്‌ /ഡബിറ്റ്‌ കാര്‍ടുകളും പിന്നെ ചെക്ക്ബുക്കും.. ഇത്‌ രണ്ടുമുണ്ടെങ്കില്‍ ധാരാളം.

ഇവിടെ ക്യാഷെടുക്കുന്ന സ്ഥലങ്ങള്‍ തന്നെ വളരെ വളരെ കുറവാണ്‌. വല്ല റസ്റ്റോറന്റിലോ മറ്റോ എടുത്താലായി. ആശുപത്രിയില്‍ പോയപ്പോ കാശുകൊണ്ടുപോകേണ്ട യാതോരു കാര്യവുമില്ല. പക്ഷേ നാട്ടിലെ ഒരു ശീലമുണ്ടല്ലോ, കയ്യിലുള്ള കാശുമുഴുവനും പഴ്സില്‍ കൊണ്ടുനടക്കുന്ന രീതി..ആ ഒരു ഓര്‍മയിലാണ്‌ ഞങ്ങളന്നുണ്ടാരുന്ന കാശെല്ലാം പഴ്സിലാക്കി പോയത്‌.

രാത്രി മുഴുവനും കരഞ്ഞുമലറിവിളിച്ചും 2 പേരും ലേബര്‍ റൂമില്‍. എല്ലാ സൌകര്യങ്ങളുമുള്ള, അറ്റാച്ട്‌` ബാത്രൂമുമൊക്കയുള്ള മുറി. ഒരു നഴ്സമ്മയും രാത്രി മുഴുവന്‍ മുറിയിലുണ്ട്‌. ഡോക്ടര്‍മാര്‍ വന്നുമ്പോയുമിരിക്കുന്നു. രാവിലെ ഒരാറുമണിയായപ്പോളാ മോളൂസ്‌ പതുക്കെ പുറത്തേക്ക്‌ വന്നു തുടങ്ങിയത്‌.ഒരേഴുമണിയായിക്കാണും.

ഹന്നമോളങ്ങനെ തലയൊക്കെ പുറത്തിട്ട്‌ നമ്മുടെ സ്വാര്‍ത്ഥന്‍ തൃശ്ശൂര്‍ക്ക്‌ പോയ സ്റ്റയിലിലിരിക്കുവാണ്‌. വല്യ വയറിന്റെ അപ്പുറത്തെ കാഴ്ചകളൊന്നുമെനിക്കത്ര കാണാന്‍ പറ്റുന്നില്ലെങ്കിലും, റണ്ണിംഗ്‌ കമന്ററി പോലെ ഒരാളെല്ലാം പറഞ്ഞുകൊണ്ടിരിക്കണുണ്ട്‌.

പെട്ടെന്ന് കമന്റേറ്ററുടെ ശബ്ദമിടറുന്നതെന്നിക്ക്‌ മനസ്സിലായി. മുഖത്ത്‌ വല്ലാത്ത ഭാവഭേദങ്ങള്‍!!

കണ്ണുകള്‍ ഇറുക്കിയടക്കുന്നു, ഈശോയേ.. മാതാവേ.. എന്നെല്ലാം മാറി മാറി വിളിക്കുന്നു. കൈകൊണ്ട്‌ കണ്ണു പൊത്തുന്നു.., വീണ്ടും വിരലുകളകത്തി ഇടയിലൂടെ നോക്കുന്നു..വീണ്ടുമടയ്ക്കുന്നു.

“ഈശ്വരാ.. മാതാവേ, കാത്തുകൊള്ളണേ എന്നെല്ല്ലാം പിച്ചും പേയും പറയണപോലെ പറയണുണ്ട്‌.ഞാന്‍ കയ്യില്‍പിടിച്ചു കുലുക്കി
” എന്താ..എന്താ ..”

“എടാ..ചോര !!!! “”എടാ… നെറയെ ചോര.. ഒഴുകുവാടാ.. എന്തോരും ചോരയാടാ… എനിക്ക്‌ കാണാന്‍ വയ്യാ…”

പെട്ടെന്നൊരാള്‍ “ഞാനൊന്ന് ഒന്നിനുപോയിട്ട്‌ വരാമേ” എന്ന് പറയണ കേട്ടതോര്‍മയുണ്ട്‌.

എന്തായാലും ഈശോയും മാതാവുമൊക്കെയെന്റെ കൂടെ തന്നെയുണ്ടാരുന്നു. (എന്നെ എപ്പോളും പുള്ളിയിങ്ങനെ കൈവെള്ളയിലെടുത്താകൊണ്ടുനടക്കണെ. ഞാനഗ്രഹിക്കണതിനെക്കാളേറേ വാരിക്കോരി തന്നിട്ടേയുള്ളു എല്ലാം. ഇടക്കിടക്ക്‌, ടേയ്‌, നീ വല്യ ആളൊന്നുമല്ലാട്ടോ, എന്നോര്‍മിപ്പിക്കാനെന്നെയിങ്ങനെ ‘ഇട്ടപൊത്തോ’ ന്ന് താഴേക്കിടും. വീണ്ടുമിരട്ടി സ്നേഹത്തിലെന്നെ കോരിയെടുത്ത്‌ ‘ചുമ്മാ..ഇതൊക്കെയെന്റെ ഓരോ നമ്പറല്ലേടി പെണ്ണേ.’ ന്ന് പറഞ്ഞാശ്വസിപ്പിക്കും.)

യാതോരു പ്രശ്നങ്ങളുമില്ലാതെ രാവിലെ കൃത്യം 7.25 ആയപ്പോള്‍ ഹന്നമോള്‍ 2 കണ്ണുകളും മലര്‍ക്കെതുറന്ന് (as she was a post due date baby) പുറത്തു വന്നു. നഴ്സമ്മ കോരിയെടുത്ത്‌ തുണിയില്‍ പൊതിഞ്ഞ്‌ പപ്പായുടെ കയ്യില്‍ കൊടുത്തു.

പപ്പ സന്തോഷക്കണ്ണീരടക്കാനാവാതെ പൊന്നുമോളെ ഉമ്മകള്‍കൊണ്ട്‌ പൊതിഞ്ഞു.

അപ്പോളേക്കുമെന്റെ ആങ്ങള ആശുപത്രിയിലെത്തിയിരുന്നു. എല്ലാരെയുമൊക്കെ വിളിച്ചുപറഞ്ഞു.. കുളിപ്പീരും സ്റ്റിച്ചിടലുമൊക്കെ കഴിഞ്ഞ്‌ ലേബര്‍ റൂമില്‍ന്ന് മുറിയിലേക്ക്‌ മാറ്റാറായി.

“അളിയനിന്നലെ മുതലിരിക്കണ ഇരിപ്പല്ലേ ? ഒന്നു പോയി ഫ്രഷായി ബ്രേക്‌ഫാസ്റ്റും കഴിച്ച്‌ വരൂ. ഇപ്പോ ഞാനിവിടെയുണ്ടല്ലോ.”

കുറേ നിര്‍ബന്ധിച്ചപ്പോ മനു മനസ്സില്ലാമനസ്സോടെ കഴിക്കാന്‍ പോയി.പോയിട്ടൊരു രണ്ടുരണ്ടര മിനിറ്റായിക്കാണും. ബൂമറാങ്ങ്‌ പോലെ ദാ തിരിച്ചു വരണു.വാതില്‍ക്കല്‍നിന്നളിയനുമളിയനുംകൂടി എന്തൊക്കെയോ അടക്കം പറയുന്നു, എന്റെ ഭര്‍ത്താവാകുന്ന അളിയന്റെ മുഖത്ത്‌ വല്ലാതെ പേടിച്ചരണ്ട ഭാവം.. ആങ്ങള അളിയന്‍ പുറത്ത്‌ തട്ടുകേം ആശ്വസിപ്പിക്കുകേമൊക്കെ ചെയ്യണുണ്ട്‌. 2 പേരുംകൂടി എന്തോക്കെയോ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന പോലേ. തലയില്‍ന്നും പുക പൊങ്ങണുണ്ട്‌.നഴ്സപ്പോളുമെന്നെ ഡ്രസ്സ്‌ മാറ്റിക്കുകയോ എന്തോ ഒക്കെ ചെയ്യുകയാ.

“എന്താ… എന്നാന്നേ പ്രശ്നം ” എന്നൊക്കെ ഞാന്‍ വിളിച്ച്‌ ചോദിക്കണുണ്ടെകിലും അതൊന്നുമാരും കേട്ട ലക്ഷണമില്ല.പെട്ടെന്നെന്തോ ഓര്‍ത്തപോലെ 2 പേരുങ്കൂടി വാണംവിട്ട പോലെ എവിടേക്കോ ഓടുന്നു.

5 മിനിറ്റ്‌ കഴിഞ്ഞ്‌ കാണും. 2 പേരും തിരിച്ച്‌ വന്നു. ഇപ്പോള്‍ ആദ്യത്തെ റ്റെന്‍ഷനും പേടിയുമൊക്കെ മാറിയിട്ടുണ്ട്‌. എന്നാലുമാകെ ചമ്മിവളിച്ച മോന്തായം !!

“എന്നാന്നേ ?? ആരെങ്കിലുമൊന്ന് പറ ..പ്ലീസ്‌… ” ഞാന്‍ കെഞ്ചി.

2 പേരും മിണ്ടണില്ല..

“പ്ലീസാരെങ്കിലുമൊന്ന് പറയുവോ എന്നാന്ന്”

“എടീ.. നീ അളിയനെ വഴക്കൊന്നും പറയരുത്‌”

ആങ്ങള അളിയന്‍ മറ്റേ അളിയനൊത്താശ പറയുവാണ്‌.

“എന്നാന്നൊന്ന് പറഞ്ഞ്‌ തൊലക്കെടാ കൊച്ചേ..” (ഇളയ ആങ്ങളയായതുകൊണ്ടവനെനിക്കിപ്പോളും കൊച്ചാണ്‌. )

” എടീ.. അളിയന്റെ കയ്യീന്ന് പഴ്‌സ്‌ കാണാതെ പോയി. “

“പേഴ്സ്‌ കാണാതെ പോകുകേ ? എങ്ങനെ ? ഈശ്വരാ ? എവടെ ? എന്റെ ദൈവമേ…”ഞാനാകെ കരച്ചിലായി.

“മനു ഇവിടുന്നെവിടേം പോയിട്ടില്ലല്ലോ.. ഇവിടെ ഈ മുറിയിലെവിടെയെങ്കിലും കാണുമെടാ… ഒന്ന് നോക്കാരെങ്കിലും പ്ലീസ്‌..”

ആലോചിക്കുന്തോറുമെനിക്കു ഭ്രാന്താവണ പോലെ തോന്നി. എല്ലാ കാര്‍ടുകളും പോയല്ലോ. ലൈസന്‍സാണ്‌ ഐടന്റിറ്റി കാര്‍ട്‌. അതില്ലാതെയെങ്ങനെ ?

“ഇല്ലെടീ… പഴ്സ്‌ കിട്ടി. നീ വിഷമിക്കാനൊന്നുമില്ല “

“ആണോ ? എവിടുന്ന് ? എന്ത്യേ ?”

“അളിയന്‍ ബാത്‌റൂമില്‍ പോയപ്പോ അറിയാതെ അവിടെ മറന്ന് വച്ചതാ. ഇപ്പോ ഞങ്ങള്‌ ചെന്നപ്പോ അവിടെതന്നെയിരിപ്പുണ്ടാരുന്നു. കാര്‍ടൊന്നും പോയിട്ടില്ല. “

“അളിയന്‍ പെട്ടെന്നാ റ്റെന്‍ഷനില്‍ ബാത്രൂമില്‍ പോയപ്പോ അവിടെയെടുത്ത്‌ വച്ചിട്ട്‌ മറന്നതാടീ”

ആവൂ… എന്തോരു സമാധാനം!!! പിന്നെയെന്തിനാണാവോ ഇതുങ്ങള്‌ രണ്ടുമിങ്ങനെ ഇഞ്ചി കടിച്ച കുരങ്ങനെ പോലെയിരിക്കണേ ?

“പക്ഷേയുണ്ടല്ലോടീ… പഴ്സിലിരുന്ന പൈസ മുഴുവനും പോയി !!!!”

“………” എനിക്കൊന്നും മനസ്സിലായില്ല. പഴ്സു വച്ചിടത്ത്‌ തന്നെയിരിപ്പുണ്ടാരുന്നു, കിട്ടി.. കാര്‍ടൊന്നും പോയിട്ടില്ലായെന്നൊക്കെ പറഞ്ഞിട്ടിപ്പോ പറയണൂ പൈസ മുഴുവനും പോയെന്ന്. ഇതെങ്ങനെ ശരിയാകും ?

“എടീ.. പഴ്സാരോ എടുത്തിട്ട്‌ പൈസയെല്ലാമെടുത്തിട്ട്‌ കാര്‍ടും പഴ്സും വച്ചിട്ട്‌ പോയി !!!!!!!

ഈശ്വരാ…. കരയണോ ? ചിരിക്കണോ ? അവന്റെ തലേലിടിത്തീ വീഴുമെന്നു പറയണോ..അതോ.. ആ കള്ളന്റെ നല്ല മനസ്സിനെ ദൈവമനുഗ്രഹിക്കട്ടെ എന്ന് പറയണോ..ദൈവം പോലും തന്നോട്‌ ക്ഷമിക്കൂല്ലെടോന്ന് പറയണോ.

അതോ.. പ്രിയപ്പെട്ട കള്ളാ, താങ്കള്‍ക്കെത്ര നന്ദി പറഞ്ഞാലാണ്‌ മതിയാവുക യെന്നോ..വല്ലാത്ത ധര്‍മസങ്കടം തന്നെ !!

പെട്ടെന്നാണ്‌ ഞാനതോര്‍ത്തത്‌..”അല്ലാ… നമ്മുടെ മുറിയില്‍ ബാത്രൂമുള്ളപ്പോള്‍ പിന്നെയെന്തിനാണ്‌ പുറത്ത്‌ ബാത്‌റൂമില്‍ ?”

“ഓ..ആണോ..ഈ മുറിയില്‍ ബാത്‌റൂമുണ്ടോ ? പിന്നെ എന്താളിയാ പുറത്ത്‌… ??”

“അത്‌ പിന്നേ.. അപ്പോളത്തെ റ്റെന്‍ഷനില്‍…. മുറിയില്‍ ബാത്‌റൂമുള്ള കാര്യം ഞാന്‍….”

***

അങ്ങനെ സ്വതവേ ഓട്ടക്കയ്യനായ അപ്പന്റെ ആയിരത്തഞ്ഞൂറു ഡോളര്‍ ഒരു നല്ല കള്ളനുകൊടുത്ത് ഞങ്ങടെ ഹന്നമോള്‍ വന്നു. ഇടക്കിടെ ഒന്നുമില്ലാത്തപ്പോള്‍ ചൊറിയാന്‍ ഞാനീ 1500 ഡോളര്‍ പുരാണം എടുത്തിടും. അപ്പോഴെല്ലാം ഞങ്ങള്‍ പറഞ്ഞവസാനിപ്പിക്കുന്നതുപോലെ ഈ പുരാണത്തിനും ഭരതവാക്യം കുറിക്കട്ടെ.

ആയിരത്തഞ്ഞൂറു ഡോളര്‍ പോയെങ്കിലെന്താ, ഇതു നമ്മുടെ മില്യണ്‍ ഡോളര്‍ ബേബിയല്ലേ.

February 22, 2006

പ്രസവ പുരാണം

Filed under: Uncategorized — കുട്ട്യേടത്തി|Kuttyedathi @ 1:51 pm

9 മാസം വീര്‍ത്ത വയറുമായി 2004 നവംബറില്‍ ഞങ്ങളാദ്യമായി അമേരിക്കയിലേക്ക്‌ വിമാനം കയറുമ്പോള്‍ മനസ്സിലൊരായിരം വേവലാതികളുണ്ടായിരുന്നു.

” അയ്യോ.. ഫ്ലൈറ്റില്‍ കേറാന്‍ സമ്മതിക്കുമോ ? ഇത്രേം വല്യ വയറുമായിട്ട്‌…” കാണുന്നോര്‍ക്കും കേള്‍ക്കുന്നോര്‍ക്കും ചോദിക്കാനിത്‌ മാത്രം.

“പ്രശ്നമാണെന്നാ എല്ലാരും പറയണെ. ?? പഷേ ഇറക്കി വിടുമാരിക്കുമോ ??? ആരെയെങ്കിലും അങ്ങനെ വിട്ടിട്ടുള്ളതായിട്ടറിയാമോ ? “

“എയ്‌.. ഇല്ലാരിക്കുമല്ലെ ?? ഗര്‍ഭിണിയെ അങ്ങനെ പെരുവഴിയിലിറക്കി വിടുമോ ???”

“ഫ്ലൈറ്റില്‍ കേറുമ്പോ പെട്ടെന്ന് പ്രഷര്‍ ഡിഫ്ഫറന്‍സ്‌ കൊണ്ടു ബി.പി. കൂടും. 7 മാസക്കാരു വരെ വിമാനത്തില്‍ വച്ച്‌ പ്രസവിക്കണതതുകൊണ്ടാ..”

“ആണല്ലെ??. ഒരു ഡോക്ടര്‍ ഉണ്ടാവൂല്ലെ ഫ്ലൈറ്റില്‌ ??? “

ഫ്ലൈറ്റിലുണ്ടാവണ കുഞ്ഞിന്‌ ജീവിത കാലം മുഴുവനും ടിക്കറ്റ്‌ ഫ്രീന്നോ മറ്റോ എവിടെയോ കേട്ടിട്ടുണ്ട്‌ ഞാന്‍. ഫ്ലൈറ്റിലെങ്കില്‍ ഫ്ലൈറ്റില്‍. ചങ്കില്‌ തീ കത്തുമ്പോളും വെറുതെ ധൈര്യം ഭാവിച്ചു ഞാന്‍. സൈറ്റായ സൈറ്റൊക്കെ പരതി. ഒരിടത്തുമൊന്നും വ്യക്തമായി പറയുന്നില്ല. ഇതെന്തൊരു നിയമം ? അങ്ങനെ ഉണ്ടെങ്കില്‍ ടിക്കറ്റ്‌ എടുക്കണതിന്‌ മുന്‍പല്ലേ പറയേണ്ടത്‌ ? ലുഫ്താന്‍സ ആണ്‌ ഫ്ലൈറ്റ്‌, ഫ്രാങ്ക്ഫര്‍ട്ട്‌ വഴി. അവരുടെ സൈറ്റില്‍ 35 ആഴ്ച വരെ പറക്കാമെന്നാണ്‌. പക്ഷേ ഞാന്‍ 36 ആഴ്ച കഴിഞ്ഞാണ്‌ പറക്കണത്‌. ഇനി ഇപ്പോ എന്തു ചെയ്യും ? ഡോക്ടറോട്‌ ചോദിച്ചാലോ ഒരു സര്‍ട്ടിഫിക്കേറ്റ്‌ തരാമോന്ന്.

“അയ്യയ്യോ കള്ള സര്‍ട്ടിഫിക്കറ്റൊന്നും ഞാന്‍ തരൂല്ല.മാത്രോമല്ല, ഇത്രേം ലാസ്റ്റ്‌ സ്റ്റേജില്‍ ഫ്ലൈ ചെയ്യണതിനോടുമെനിക്ക്‌ യോജിപ്പില്ല.”

ഒരു സര്‍ട്ടിഫിക്കറ്റിനാണോ നാട്ടില്‍ പഞ്ഞം ?? സകല തരികിടകളും അറിയുന്ന ഒരു ബന്ധു ആ ജോലി ഏറ്റെടുത്തു. ഡോക്ടറുടെ ലെറ്റര്‍ ഹെഡിലെഴുതിയ പ്രെസ്ക്രിപ്ഷന്‍ സാമ്പിള്‍ കൊടുത്തതോടെ എന്റെ ജോലി തീര്‍ന്നു. രാക്കുരാമാനം ഡോക്ടറുടെ സീലും ഒപ്പുമൊക്കെ വച്ച സര്‍ട്ടിഫിക്കേറ്റ്‌ റെടി. ഒറിജിനലിനെ വെല്ലുന്ന ഡൂപ്ലിക്കേറ്റ്‌ !!! സര്‍ട്ടിഫിക്കേറ്റ്‌ പ്രകാരം ഞാന്‍ 32 ആഴ്ച മാത്രം ഗര്‍ഭവതി…!!

വെറും അഞ്ചടി നാലിഞ്ചില്‍ തീര്‍ത്ത 50 കിലോ ഉള്ള ഉരുപ്പടി. (ആയിരുന്നു :( ( ) ഞാന്‍. ഗര്‍ഭിണി പശൂനെ പോലെ തിന്നോണ്ടിരിക്കണമെന്നേതോ മഹാപാപി പറഞ്ഞത്‌ കേട്ട്‌ തിന്ന് തിന്ന് ബലൂണ്‍ പോലെ വീര്‍ത്തിപ്പോ 65 കിലോയിലെത്തി നിക്കണു. (ആ പറഞ്ഞവനെ ഇനി കണ്ടാല്‍ ഇരുട്ടടി അടിക്കും ഞാന്‍. ഈ ബലൂണിന്റെ കാറ്റൊന്ന് കുത്തിവിടാന്‍ ഞാന്‍ പെടണ പ്പെടാപ്പാടെനിക്കല്ലേ അറിയൂ ??).

എന്റെ സൈസിനൊരു medium ചുരിദാര്‍ ധാരാളം. തിരോന്തരത്തെ കടയായ കടയൊക്കെ ആനവയറും മന്തുകാലും ( 8 മാസമായപ്പോളേ കാലില്‍ നീരു വച്ച്‌ വീര്‍ത്തിരുന്നു) വച്ചേന്തി വലിഞ്ഞു നടന്ന് തപ്പി ഒരു XXL ( ആറടി പൊക്കക്കാരികള്‍ക്കുള്ളത്‌) ചുരിദാര്‍ മേടിച്ചതിനകത്ത്‌ ഞാന്‍ കേറി. ചുരിദാറിന്റെ പാന്റിടണ്ട ആവശ്യമില്ല. അത്രക്കുണ്ട്‌ റ്റോപ്പിന്റെ തന്നെ ഇറക്കം!!! ഒരു ദുപ്പട്ട കൂടി അങ്ങു വിരിചിട്ടു. ഭേഷായി.

എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്ന്‌ തോന്നത്തെ ഇല്ലല്ലോല്ലെ, എന്ന സ്റ്റെയിലില്‍ ഐയര്‍പോര്‍ട്ടിലൂടെ എന്റെ നടപ്പ്‌ കണ്ടാല്‍.. ആഹ എന്താ സ്മാര്‍ട്ട്‌ ?? എന്തൊരു ക്യാറ്റ്‌വാക്‌!!! എവിടേം ആരുമൊന്നും ചോദിക്കണില്ല.

“പ്ലീസ്‌…ആരെങ്കിലുമൊന്നെന്തെങ്കിലുമൊന്ന് ചോദിക്കൂന്നെ.. കഷ്ടപ്പെട്ടുണ്ടാക്കിയ സര്‍ട്ടിഫിക്കേറ്റ്‌ എവിടെയെങ്കിലുമൊന്ന് കാണിക്കണ്ടേ ???”

കഷ്ടം.. മല പോലെ വന്നതെലി പോലെ പോയി… !!! ആരും ഒരിടത്തുമൊന്നും ചോദിച്ചില്ല.:

സുഖമായിട്ട്‌ ഞങ്ങളങ്ങനെ വറുഗീസ്‌ കുറ്റിക്കാടന്റെ (പകര്‍പ്പവകാശം ആര്‍ക്കാ ഇതിന്റെ ?) നാട്ടിലെത്തി.ഇവിടെ എത്തിയപ്പോളാണടുത്ത പുലിവാല്‍. ലേബര്‍ റൂമില്‍ ഭര്‍ത്താവോ അമ്മയോ ആരെങ്കിലും കൂടെ നിക്കണം. നാട്ടില്‌ വിളിച്ചപ്പോ അമ്മ പറഞ്ഞത്‌ “അയ്യോ അവനത്രക്ക്‌ ധൈര്യമൊന്നുമില്ലാന്നെ. ബ്ലഡൊക്കെ കാണുംബോളെക്കും തല കറങ്ങി വീണാല്‍ പിന്നെ അവനെ പൊക്കികൊണ്ടുപോകാന്‍ വേറെ ഡോക്ടര്‍ വരേണ്ടി വരും. ”

ആറടി പൊക്കത്തില്‍ പന പോലെ വളര്‍ന്ന്‌ നിക്കണ മകന്റെ ധൈര്യത്തെപ്പറ്റി എന്തായാലും അമ്മക്കറിയണത്ര ഏഴെട്ടൊമ്പതു..പത്ത്‌ കൊല്ലം പരിചയം മാത്രമുള്ള എനിക്കറിയൂല്ലല്ലോ.
“ഒരു കാര്യം ചെയ്യ്‌. നാത്തൂനോട്‌ പറ കൂടെ നിക്കാന്‍” . അമ്മ പരിഹാരം നിര്‍ദേശിച്ചൂ.

അയ്യയ്യേ… മോശം മോശം. അത്‌ വെറുമെട്ടും പൊട്ടും തിരിയാത്തൊരു പെണ്‍കൊച്ച്‌!!! .അല്ലെങ്കില്‍ തന്നെ നാത്തൂന്‍ ലേബര്‍ റൂമില്‍. അയ്യേ.. അത്‌ ശരിയാവൂല്ല. ഇതൊക്കെ കഴിഞ്ഞ്‌ പുറത്തിറങ്ങി എനിക്കതിന്റെ മുഖത്ത്‌ നോക്കണ്ടായോ ? ആരും നിന്നില്ലെങ്കിലും വേണ്ടൂല്ല. ഞാന്‍ മനസ്സില്‍ തീരുമാനിച്ചു.

“എടീ.. നീ ചെക്കപ്പിനൊക്കെ പോകുമ്പോ മനു കൂടെ കേറണുണ്ടല്ലോല്ലെ ? ഇവിടുത്തെ കാര്യമൊന്നും നിനക്കറിയാഞ്ഞിട്ടാ. ഡോക്ടറൊക്കെ ആണായാലും പെണ്ണായാലും വിശ്വസിക്കാന്‍ കൊള്ളത്തില്ല. മനു എപ്പോളും കൂടെ ഉണ്ടാവണം കേട്ടോ. ഡെലിവറിക്ക്‌ പോകുമ്പോളും മനു നിക്കണം ലേബര്‍ റൂമില്‍” .
4 superhit release ( 4 ഉം normal, 4 ഉം america യില്‍) കഴിഞ്ഞഞ്ചാമത്തെ release കാത്തിരിക്കണ ചേച്ചീടെ ഉപദേശം.

ഡിസംബര്‍ 15 ന്‌ റിലീസെന്നാണ്‌ നാട്ടിലെ സ്കാന്നിങ്ങിലൊക്കെ പറഞ്ഞിരുന്നത്‌. വാവയെ ഇടീച്ച്‌ കൊണ്ടുവരാന്‍ കുഞ്ഞുടുപ്പും, നല്ല കട്ടി ഉള്ള ബ്ലാന്‍കറ്റും സോക്ക്സുമൊക്കെ പാക്ക്‌ ചെയ്തൊരു ബാഗ്‌ റെഡിയാക്കി വച്ചു. (പട്ടിക്കും കുട്ടിക്കും മുട്ടിക്കും തണുപ്പില്ലെന്നാണെങ്കിലും ഇവിടുത്തെ തണുപ്പിനു മുന്നില്‍ പിടിച്ച്‌ നില്‍ക്കാന്‍!!!). ഹോസ്പിറ്റലിന്റെ എമര്‍ജന്‍സി റൂമിലേക്ക്‌ 1-2 വട്ടം ഡ്രൈവ്‌ ചെയ്ത്‌ പോയി നോക്കി(ഞങ്ങളിവിടെ പുതിയ ആള്‍ക്കാരാണല്ലോ).

15 കഴിഞ്ഞു..16 കഴിഞ്ഞു.. 17 കഴിഞ്ഞു…18 കഴിഞ്ഞു… ഒന്നും സംഭവിക്കുന്നില്ല.
“ഓ..എന്നാലിനി നാട്ടിലൊക്കെ സംവിധായകരു ചെയ്യണ പോലെ ക്രിസ്മസ്‌ റിലീസാരിക്കും” ഞങ്ങള്‍ വിചാരിച്ചു. റ്റെന്‍ഷന്‍ കാരണം ഇരിക്കാന്‍ പറ്റുന്നില്ല, നിക്കാന്‍ പറ്റുന്നില്ല, ഉറങ്ങാന്‍ പറ്റണില്ല. പരിചയത്തിലുള്ള വേറെ 2 വയറ്റുകണ്ണികള്‍ പണ്ടേ പെറ്റെന്നു കൂടി കേട്ടതോടെ എനിക്കിരിക്കപ്പൊറുതിയില്ലാതായി. നാട്ടിലാരുന്നെങ്കില്‍ എപ്പോളേ വെട്ടി കീറിയേനെ. ഇവിടെ അവസാന നിമിഷം വരെ നോക്കിയിട്ടേ അതു ചെയ്യുള്ളൂ.

ചെക്കപ്പൊക്കെ മുറക്ക്‌ നടക്കണുണ്ട്‌. 42 ആഴ്ച കഴിഞ്ഞിട്ടും, അതായത്‌ ഡ്യൂ ഡേറ്റ്‌ കഴിഞ്ഞിട്ടും 2 ആഴ്ച, നോക്കിയിട്ടേ അവരെന്തെങ്കിലും ചെയ്യൂ. അല്ലെങ്കില്‍ പിന്നെ വേറെന്തെങ്കിലും കോംബ്ലിക്കേഷന്‍, കുഞ്ഞിന്‌ മൂവ്‌മെന്റ്സ്‌ കുറയുകയോ അങ്ങനെയെന്തെങ്കിലും സംഭവിക്കണം. എന്റെ സന്താനമാണെങ്കില്‍ 24 മണിക്കൂറും ‘അല്ലെങ്കിലുമീ തള്ളക്ക്‌ 2 ചവിട്ടിന്റെ കുറവുണ്ട്‌. അപ്പനത്‌ ചെയ്യണില്ലെങ്കില്‍ പിന്നെ ഞാന്‍..അഹഹഹഹാ..ഇപ്പോളല്ലേ അമ്മയെ ചവിട്ടാന്‍ പറ്റൂള്ളൂ.. മാക്സിമം കൊടുത്തിട്ടേ ഞാനിവിടുന്ന് പിടി വിടുള്ളൂ” എന്നുള്ള സ്റ്റെയിലില്‍ ചവിട്ടു തന്നെ.

അങ്ങനെ കാത്ത്‌ കാത്തിരുന്ന്..(ഇല്ല… അവളല്ല…പറ്റിച്ചേ) ക്രിസ്മസ്‌ വന്നു. പുറത്ത്‌ വന്നിരുപത്തിനാല്‌ മണിക്കൂറുമീ പരട്ട തള്ളേടെ മോന്ത കാണുന്നതിലും ഭേദമവിടെ തന്നെയങ്ങ്‌ കൂടിയേക്കാമെന്നെന്റെ സന്തതി തീരുമാനിച്ചോ ??

മൂവ്‌മെന്റ്സ്‌ കുറഞ്ഞാലപ്പോ induce ചെയ്യാമെന്നല്ലേ പറഞ്ഞിരിക്കണേ ?? മൂവ്‌മെന്റ്സ്‌ കുറഞ്ഞൂന്നൊരു പുളുവടിച്ചാലോ ? നാടോടിക്കാറ്റിലെ വിജയനെ പോലെ ‘നമുക്കെന്താടാ ദാസാ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്‌ ‘ എന്നു പരിതപിച്ച്‌ കെട്ടും ഭാണ്ഡവുമായി രാവിലെ ഹോസ്പിറ്റലിലേക്ക്‌ വച്ചടിച്ചു. ആധി പിടിച്ച്‌ ഫോണിന്റെ മുന്നില്‍ തന്നെ കിടക്ക വിരിച്ച്‌ കിടപ്പായ സകല ജനങ്ങളെയും വിളിച്ച്‌ ‘ഇന്നെന്തായാലും പ്രസവിക്കും കേട്ടോ’ എന്നറിയിക്കാനും മറന്നില്ല.

“എപ്പോളാണ്‌ ലാസ്റ്റ്‌ മൂവ്‌മന്റ്‌ ഫീല്‍ ചെയ്തത്‌ ??”

ഒരു 10 മണിക്കൂര്‍ മുന്‍പേ. ” കുറക്കരുതല്ലോ. നുണക്കൊരു പഞ്ച്‌ വേണമല്ലോ.

” you mean no movements at all for last 10 hours ???”

ഡോക്ടറൊന്ന് ഞെട്ടിയോ ? ‘ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്ന് തോന്നും ‘ എന്ന് പറഞ്ഞ പോലെ ഇപ്പോളുടനെ എന്നെ ഞെക്കി പ്രസവിപ്പിക്കുമെന്നുള്ള വ്യാമോഹം കൊണ്ട്‌ തോന്നിയതാണതൊക്കെ.

ഡോക്ടര്‍ വയറില്‍ കൈ വച്ച്‌ നോക്കി. കറക്കാന്‍ ചെല്ലുംബോ പശുക്കള്‍ ചവിട്ടണ പോലെ ‘ആരടാ അവടെ എന്റപ്പനല്ലാതെ വേറൊരുത്തനെന്റെ അമ്മേടെ വയറേല്‍ കൈ വക്കണത്‌ ?? ഏടുക്കിനെടാ കൈ ‘ എന്ന് പറഞ്ഞെന്റെ സന്തതി കൊടുത്തു ഉഗ്രനൊരു ചവിട്ട്‌ !!! ഡോക്ടറുടെ കൈ ഷോക്കടിച്ച പോലെ തെറിച്ചു.

“ ഇതാണോ മൂവ്‌മെന്റ്സ്‌ ഇല്ലെന്ന് പറഞ്ഞത്‌ ?”

ചമ്മി നാറി. ‘ചമ്മല്‍ is the മങ്ങല്‍ of face and വിങ്ങല്‍ of heart എന്ന് പറഞ്ഞ മഹാനാരാണോ.

” may be… my baby was sleeping.. “

“sleeping for 10 hours ??? “

മാനം പോയി. ഇനി എങ്ങനെയും വീട്ടില്‍ പോയാല്‍ മതി. അപ്പോ ദാണ്ടെ വരണൂ അടുത്ത പാര!!!
“ആദ്യത്തെ pregnancy അല്ലെ ? usually first time mothers dont know how to count the movements. They cant actually distinguish between the movements. We do train them during the 5 th or 6 th month. But as you reached here in the last stage of your … “

അതായത്‌ ആകപ്പാടെ ടോട്ടലി മൊത്തം ചുരുക്കി പറഞ്ഞാല്‍, എന്നെ അവരെണ്ണം പഠിപ്പിക്കാന്‍ പോവാണ്‌. വയറിലൊരു വല്യ മോണിറ്ററൊക്കെ വച്ച്‌ കെട്ടി, (ecg പോലെ ഒരു ഗ്രാഫ്‌ പേപ്പറില്‍ വയറിലെ ഓരോ മൂവ്‌മെന്റ്സും വരും. അവളാഞ്ഞ്‌ ചവിട്ടുമ്പോള്‍, ഗ്രാഫങ്ങ്‌ പൊങ്ങി അറ്റം വരെ പോകും) എന്റെ കയ്യില്‍ ഒരു കുന്ത്രാണ്ടം തന്നു. ഓരോ ചവിട്ടിനും ഞാനത്‌ ഞെക്കണം. അപ്പോ ഗ്രാഫില്‌ ചുവന്ന നിറത്തില്‍ വേറൊരു വര വരും. കൃത്യമായും കുഞ്ഞ്‌ ചവിട്ടിയ സമയത്ത്‌ തന്നെ ആണോ, ഞാന്‍ ക്ലിക്കിയതെന്ന് അവര്‍ക്ക്‌ ഗ്രാഫ്‌ നോക്കുമ്പോ പിടികിട്ടും. അങ്ങനെ 6-7 മാസമായി മുടങ്ങാതെ കിട്ടികൊണ്ടിരിക്കണ എന്റെ മകളുടെ ചവിട്ട്‌ കൃത്യമായി എണ്ണാന്‍/തിരിച്ചറിയാന്‍ പഠിച്ചൂന്നുറപ്പ്‌ വരുത്തി പെറാന്‍ പോയ എന്നെ അന്നുമവര്‌ വയറൊഴിയാതെ പറഞ്ഞു വിട്ടു.

കൊടുത്താല്‍ കൊല്ലത്തു മാത്രമല്ല, അമേരിക്കയിലും കിട്ടുമെന്നന്നു മനസ്സിലായി. ഡോക്ടറിനോടും വക്കീലിനോടും കള്ളം പറയരുതെന്ന് പറയണത്‌ വെറുതെയല്ല. ന്യൂ ഈയറും പ്രത്യേകിച്ചൊന്നും സംഭവിക്കാതെ കടന്നു പോയി. ടെന്‍ഷന്‍ മൂത്ത്‌ ഞാനൊരു മുഴുപ്രാന്തിയായി മാറിയിരുന്നു, അപ്പോളേക്കും.

2 ആം തീയതി induce ചെയ്യാന്‍ രാവിലെ ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്‌ ആശുപത്രിയില്‍. അങ്ങനെ വൈകിട്ടാറുമണിക്ക്‌ ‘സൂര്യപുത്രി ‘ സീരിയല്‍ കണ്ടങ്ങനെ ഇരുന്നപ്പോള്‍ പെട്ടെന്ന്….

ആ കഥ അടുത്ത ലക്കത്തില്‍.

February 8, 2006

പുട്ടെഴുത്ത്

Filed under: Uncategorized — കുട്ട്യേടത്തി|Kuttyedathi @ 7:32 pm

ഒരൂ പുട്ടെഴുത്ത് ഇവിടെ

January 5, 2006

ബന്ധുബലം

Filed under: Uncategorized — കുട്ട്യേടത്തി|Kuttyedathi @ 5:46 pm

ഈ അടുത്ത ചില ദിവസങ്ങളില്‍ ഞങ്ങളുടെ വീട്ടില്‍ കേട്ടത്‌….

രംഗം 1 : സ്വീകരണമുറി.

ഞാന്‍ ജോലി കഴിഞ്ഞ്‌ വന്നെന്റെ പതിവ്‌ കലാപരിപാടികളായ പാത്രം കഴുകല്‍, അത്താഴം തയാറാക്കല്‍, അടുക്കള വൃത്തിയാക്കല്‍ തുടങ്ങിയവ ഒരുവിധം ഒതുക്കി, ഒരു വയസ്സുകാരി വീടാകെ നിരത്തി ഇട്ടിരിക്കണ കളിപ്പാട്ടങ്ങള്‍ പെറുക്കിയൊതുക്കുന്ന തിരക്കില്‍..

“അമ്മേടെ മുത്തിനെ ക്കൊണ്ടമ്മ തോറ്റല്ലൊ… സാരല്ലാട്ടൊ..ഇന്നമ്മയിതൊക്കെ അടുക്കിയില്ലെങ്കില്‍ പിന്നെ നാളെ എന്താമ്മേടെ മുത്തിന്‌ നെരത്താനുള്ളത്‌ ?” എന്നൊക്കെ സീമന്തപുത്രിയോടോരൊന്നൊക്കെ പറയണുണ്ട്‌ ഞാന്‍.

” എടോ, താനാ അതുല്യേച്ചിയെ കണ്ടു പടിക്കെടോ.. അതുല്യേച്ചി അപ്പൂനെ വഴക്കൊന്നും പറയത്തില്ല, toys നെരത്തണതിനൊന്നും. താനല്ലേ പറയാറ്‌, നമ്മുടെ വീടു പോലെ mess ആയിട്ടീലോകത്തൊരു വീടുമുണ്ടാവില്ലാന്ന്. എടോ, അതുല്യേച്ചി ഒക്കെ living room ലെ സോഫായിലിരുന്ന് കഴിക്കുമെടോ. “

ഫിലിയിലെ വീട്ടിലേക്ക്‌ വലതുകാല്‍ വച്ച്‌ കയറുംബോ എന്റെ വക do’s and dont’s ല്‍ ‘യാതൊരു കാരണവശാലും ഞാനടക്കമാരും living room ലേക്ക്‌ കയ്യില്‍ പ്ലേേറ്റുമായിട്ട്‌ വരാന്‍ പാടില്ല.’ എന്ന് പ്രഖ്യാപിച്ചതിന്റെ പ്രതിഷേധം അറിയിക്കുകയാണതിയാന്‍ !!

” ഏടോ, താനൊരു പിന്തിരിപ്പന്‍ മൂരാച്ചിയാണെടോ, തനിക്ക്‌ പരാതിയല്ലേ, മൂവി എടുക്കണത്‌ കൊണ്ട്‌ തന്റെ പണികളൊന്നും നടക്കണില്ലാന്ന്. ആ രേഷ്മ പറഞ്ഞിരിക്കണ കണ്ടോ. എല്ലാരുമങ്ങനെയൊക്കെയാണെടോ.. “

അല്ലാ… ഇപ്പോ ആരാ ഈ അതുല്യേച്ചി ? പറയണ കേട്ടാല്‍ തോന്നും, അമ്മാവന്റെ മകളാണെന്ന്..ആരാപ്പൊ ഈ അപ്പൂ ? അനന്തിരവനാ ??ആരാപ്പോ ഈ രേഷ്മാ ? ചിറ്റയാ ??

രംഗം 2 : തീന്മേശ

“എടോ, നമ്മള്‌ നാട്ടീന്നു കൊണ്ടന്നതൊക്കെ വായിച്ചു തീര്‍ന്നല്ലോ. കുറച്ചു പുസ്തകങ്ങള്‌ നാട്ടീന്നെത്തിക്കാനെന്താടോ ഒരു വഴി ? “

” ഉം.. ഞാനുമോര്‍ത്താരുന്നു.. നമ്മുടെ ഡി സി ബുക്സിന്റെ membership ലെ പുസ്തകങ്ങല്‍ 2005 ലേം, 2006 ലേം മേടിചിട്ടില്ലല്ലോ. ഓണ്‍ലൈന്‍ മേടിക്കാന്‍ ശ്രമിച്ചോ ” ?

“ഓ.. അതൊക്കെ തീ വില കൊടുക്കണമെടോ. നമ്മുടെ പെരിങ്ങോടര്‌ 3 പുസ്തകം മേടിച്ചിട്ട്‌ 35 ദിര്‍ഹമേ ആയുള്ളൂത്രേ. ‘ഓര പ്രോനോബിസും’, ‘ചോര ശാസ്ത്ര’വും ‘ആല്‍ഫ’യും മേടിച്ചു”

” 35 ദിര്‍ഹമെന്നു പറയുമ്പോ ഏകദേശം 10 ഡോളറല്ലേ ? കിടിലം ഡീലായിപോയല്ലോ !! മൂന്നും നമ്മളു വായിച്ച സംഭവങ്ങളാണല്ലോ. ഇഷ്ടപ്പെട്ടോ ആവോ പെരിങ്ങോടര്‍ക്ക്‌”

” പിന്നേ… ചോരശാസ്ത്രം ഇഷ്ടായി. ആല്‍ഫ ഒരുവിധമൊക്കെ… പക്ഷേ ഓര പ്രൊനോബിസിനേക്കാള്‍ നല്ലത്‌ ‘ലന്തന്‍ ബത്തേരി’യാണെന്നാ പറഞ്ഞേ “

” ആണോ ? അടിപ്പൊളി !!! ഞാനും പെരിങ്ങോടരുടെ ഭാഗത്താ.. അയ്യേ… അപ്പോ കോപ്പിയടിയാണെന്നൊക്കെ പറഞ്ഞ്‌ ബഹളം വച്ചിട്ടിപ്പോ പെരിങ്ങോടരുടെ മുന്നില്‍ ചമ്മി നാറിയല്ലേ ??? “

” താന്‍ പോടോ കുന്തമേ… ചമ്മാനെന്തിരിക്കണൂ ? ഒരോരോ സംവാദങ്ങള്‍ … അത്രേ ഉള്ളൂ…”

” ഉവ്വുവ്വേ….”
അല്ല…ഇതിപ്പോ ആരാ ഈ പെരിങ്ങോടര്‌ ? ചിറ്റപ്പന്റെ മകനാരിക്കുമോ ?

രംഗം 3 : ഷോപ്പിങ്ങിന്‍ പോകുന്ന വഴി കാറില്‍

” ഇനി വിളിക്കുംബോ നമ്മുടെ ഡാഡിയോടാ ചന്ദ്രേട്ടന്റെ ബ്ലോഗുകളെ പറ്റി പറയാന്‍ മറക്കല്ലേ. അതൊക്കെ വായിച്ചിട്ടെങ്കിലും ഡാഡിക്കീ കമ്പ്യൂട്ടറിനോടുള്ള അലര്‍ജിയൊന്ന് മാറിക്കിട്ടുമോന്നറിയാമല്ലോ… പ്രായമായവര്‍ക്കു കമ്പ്യൂട്ടറൊന്നും പറഞ്ഞിട്ടില്ല.., വഴങ്ങത്തില്ല.. എന്നൊക്കെയുള്ള ഡാഡിടെ തോന്നലൊക്കെ മാറുമോന്നറിയാമല്ലോ. “

” എനിക്കിപ്പോളും ചന്ദ്രേട്ടനൊരല്‍ഭുതമാണുട്ടോ !!! ചുമ്മാ ബ്ലോഗെഴുതുക മാത്രമല്ല, GB, MB, Download, upload സകല സംഭവങ്ങളുമറിയാം !!. കൂട്ടത്തില്‍ wikipedia പോലുമുണ്ട്‌.!!! “

ആരാണാവോ ഈ ചന്ദ്രേട്ടന്‍ ? ബന്ധുവാ ???

രംഗം 4 :

“ഞാന്‍ ത്രിശൂര്‌ പടിച്ചോണ്ടിരുന്നപ്പോ ഐക്കഫിന്റെ ക്യാമ്പിനൊക്കെ പോകുമ്പോ കൊറേ ‘കൊടകര’ക്കാരുണ്ടാരുന്നൂ. പരിചയപ്പെടുന്ന സമയത്തവരോടൊക്കെ വീടെവിടേന്ന് ചോദിച്ചാല്‍ ‘umbrella land’ എന്നു പറയുമാരുന്നു. അടിപൊളി ഹ്യൂമര്‍ സെന്‍സാണീ ത്രിശൂര്‍കാര്‍ക്ക്‌. വിശാലന്റേം കൊടകരേടെമൊക്കെ വായിച്ചാഫ്ഫീസിലിരുന്ന് ചിരിച്ചു വട്ടാവും. ഈ വക്കാരി ഏതു നാട്ടുകാരനാണാവൊ ? അതിന്റെ കമന്റ്‌ പോലും വായിക്കാന്‍ പേടിയാ…ചിരിച്ച്‌ മുള്ളി പോകും !!!”

“നമ്മളൊക്കെ ഭാഗ്യം കെട്ടവരാണെടോ.. കൊച്ചിക്ക് വടക്കോട്ടെവിടേലും ജനിക്കണമാരുന്നു.. എല്ലാം ജീനിയസുകളാണ്‌. നമ്മുടെയൊക്കെ വീടുകളിലാരെങ്കിലും പുസ്തകം വല്ലോം കണ്ടിട്ടുണ്ടോ ? വായനയുണ്ടോ ?? അവരൊക്കെ മലയാളത്തിലെ സകലതും വായിച്ചു തീര്‍ന്നവരാ.. അവരുടെയൊക്കെ മുന്നില്‌ നമ്മളു വെറും ‘കുണ്ടുകുളത്തിലെ തവള ‘.”

” അപ്പറഞ്ഞതിനോടെനിക്കത്ര യോജിപ്പില്ല കേട്ടോ… ദേവനൊരൊന്നന്നര ആളല്ലേ ? തെക്കൂന്നാണല്ലോ .. ഉമേഷ്‌ ചേട്ടനൊരു രണ്ടുരണ്ടര ആളല്ലെ ? വടക്കനായിട്ടാണോ ??? എന്റമ്മോ.. എന്താ ഒരു നാളെജ്‌ ? സംസ്കൃതമൊക്കെ അടിച്ച്‌ വിടണ കേട്ടാല്‌ നമ്മള്‌ വായ പൊളിച്ചിരുന്നു പോകും..”

ചര്‍ച്ചകളിങ്ങനെ നീണ്ടു പോവുകയാണ്‌…

” ഈ കണ്ണൂരൊക്കെ ഇത്രേം സ്പീഡുള്ള ഇന്റര്‍നെറ്റ്‌ കണക്ഷനൊക്കെ ഉണ്ടല്ലേ ? അല്ലെങ്കില്‍ പിന്നെ സൂ എങ്ങിനാ ? നമ്മുടെ നാടും പുരോഗമിക്കുവാല്ലേ… അതി വേഗം.. ബഹുദൂരം !!! “

” ഈ വക്കാരി ഒന്നാന്തരം തീറ്റിപണ്ടാരമാണൂട്ടോ… ഓ..സദ്യ വിവരണം വായിച്ചു വായിലു കപ്പലോടി…പാവം, ജപ്പാനിലങ്ങനെ ഇന്ത്യന്‍ കടകളൊന്നും ഇല്ലാന്ന്‌ തോന്നണൂ “

” നമ്മുടെ ആനിവേര്‍സറി അല്ല്യോ മാഷേ അടുത്തയാഴ്ച ?? ഞാന്‍ മറന്നേ പോയി കേട്ടോ… സിബൂന്റെ ആനിവേഴ്സറീടെ കാര്യം വായിച്ചപ്പ്പ്പളാ ഓര്‍ത്തത്‌… …” ?

ഇവിടെ ഫിലാഡെല്‍ഫിയയിലെ വീട്ടില്‍ ഞങ്ങള്‍ മൂന്നുപേര്‍ മാത്രം. പക്ഷേ ജീവിതമിപ്പോ ഒരാഘോഷമാണു കേട്ടോ. പങ്കുവയ്ക്കലുകളുടെ, നര്‍മ്മഭാവനകളുടെ, ദുഖകഥകളുടെ, ഒരാഘോഷം. എന്നും കൊച്ചുവര്‍ത്തമാനങ്ങളുമായി ധാരാളം ബന്ധുക്കള്‍.
നാട്ടില്‍ അമ്മയെ വിളിച്ചപ്പോ ആകെ വിഷമം :
“നിങ്ങളവിടെ ഒറ്റയ്ക്കല്ലേയുള്ളു. കുഞ്ഞുമോടെ ബര്‍ത്ത്‌ഡേ ആഘോഷിക്കാന്‍ പോലും ആരുമില്ലല്ലോ കൂട്ടിന്‌”

ഫോണിന്റെ ഇങ്ങത്തലയ്ക്കല്‍ നിന്ന് എന്റെ നല്ല പാതി പറയുന്നതു കേട്ടു.

“ആരു പറഞ്ഞമ്മേ ഞങ്ങളൊറ്റയ്ക്കാണെന്ന്. നാട്ടിലുള്ളതിനേക്കാള്‍ ബന്ധുക്കള്‍ ഞങ്ങള്‍ക്കിവിടെയുണ്ട്‌. എന്നും വര്‍ത്തമാനം പറഞ്ഞ്‌ ചിരിച്ച്‌ കളിച്ച്‌ ഞങ്ങളിവിടെ സസുഖം വാഴുന്നു. സംശയമുണ്ടെങ്കി ഞങ്ങടെ ബ്ലോഗുകള്‍ ഒന്നെടുത്തുനോക്കൂ അമ്മേ…”

December 15, 2005

അവള്‍!!!

Filed under: Uncategorized — കുട്ട്യേടത്തി|Kuttyedathi @ 11:04 am

നിക്കോര്‍മ്മവച്ച കാലം മുതല്‍ അവള്‍ എന്റെ കൂടെ ഉണ്ടായിരുന്നു. ഉറങ്ങുമ്പോഴും ഉണരുമ്പോഴും, കളിക്കുമ്പോഴും വിശ്രമിക്കുമ്പോഴും അവളെന്റെ സന്തത സഹചാരിയായിരുന്നു. ഞാന്‍ പള്ളിക്കൂടത്തില്‍ പോകുമ്പോഴും അവള്‍ കൂടെയുണ്ടാവും.

ഒടുവിലൊരു ദിവസം വീട്ടിലുള്ളവര്‍ കണ്ടുപിടിച്ചു..അവള്‍ കൂടെയുണ്ടെന്നുള്ള രഹസ്യം..എങ്ങിനെയും അവളെ എന്നില്‍നിന്നകറ്റിയേ മതിയാകൂ എന്നുള്ള കാര്യത്തില്‍ അവര്‍ക്കാര്‍ക്കും 2 അഭിപ്രായമില്ലായിരുന്നു… പക്ഷേ എങ്ങനെ ?? പിന്നീടങ്ങോട്ട്‌ സമരത്തിന്റെയും രക്ത ചൊരിച്ചിലിന്റെയും ദിവസങ്ങളായിരുന്നു.. ഒരു വശത്ത്‌ അമ്മൂമ്മയുടെ നേതൃത്വത്തില്‍‍, ചേച്ചി, അമ്മായിമാര്‍, ചിറ്റ, ചിറ്റപ്പന്മാരുടെ ഭാര്യമാര്‍..എന്നുവേണ്ട, വീട്ടില്‍ ചൊറി കുത്തിയിരിക്കുന്നവരും അല്ലാത്തവരുമായ സകല സ്ത്രീജനങ്ങളും. മറുവശത്ത്‌ അവളും അവളുടെ മക്കളും കൊച്ചുമക്കളും അവരുടെ പിതാക്കന്മാരുമൊക്കെ അടങ്ങുന്ന വലിയ കുടുംബം.

അവരിലൊരുപാട്‌ പേരെ കൊന്നൊടുക്കുന്നതില്‍ എന്റെ വീട്ടിലെ കൊച്ചുപട്ടാളം വിജയിക്കുക തന്നെ ചെയ്തു..ഓരോ ദിവസവും വൈകിട്ടു 2 മണിക്കൂര്‍ ഈ യജ്ഞത്തിന്‌ വേണ്ടി മാത്രം മാറ്റിവക്കപ്പെട്ടു. എത്രയോ ചത്തുമലച്ച ശവങ്ങള്‍. പക്ഷേ അവള്‍…. നൊന്ത്‌ പെറ്റ മക്കളോരോന്നായി തന്റെ കണ്മുന്നില്‍ ക്രൂരമായി കൊല്ലപ്പെടുമ്പോഴും ഒരിക്കലും തോറ്റു കൊടുക്കില്ലെന്ന വാശിയില്‍ ഒരോ ദിവസവും മരിച്ച്‌ വീഴുന്ന എണ്ണത്തിലുമധികം സന്തതികളെ പെറ്റുകൂട്ടിക്കൊണ്ടേയിരുന്നു.

കയ്യില്‍ കിട്ടിയ സകല ആയുധങ്ങളും* കൊണ്ട് അവളുടെ പുരുഷന്മാരെയും ചോരകുഞ്ഞുങ്ങളേയും പോലും അമ്മൂമ്മയുടെ നേതൃത്വത്തിലുള്ള സംഘം ഓരോ ദിവസവും ഇല്ലാതാക്കി കൊണ്ടിരുന്നു.. പക്ഷേ അവള്‍ പിടിച്ച്‌ നിന്നു.. ചില പ്രത്യേക ഒളിസങ്കേതങ്ങളില്‍ **

ഒളിച്ചിരുന്ന് രക്ഷപ്പെടാനുള്ള അവളുടെ കഴിവ് അപാരമായിരുന്നു..ഒടുവിലൊരു ദിവസം അവര്‍ ആ കടുംകൈ ചെയ്യാന്‍ തന്നെ തീരുമാനിച്ചു.. എലിയെ പേടിച്ച് ഇല്ലം ചുടുന്നത്‌ പോലെയാകില്ലേ അത്‌ എന്നവരില്‍ ചിലര്‍ക്ക്‌ ശങ്കയുണ്ടാരുന്നു.. പക്ഷേ അപാര തൊലിക്കട്ടിയുള്ള എന്റെ അമ്മായിമാരിലൊരാള്‍ ആ ദൌത്യം ഏറ്റെടുത്തു.

കണ്ണുകള്‍ മൂടികെട്ടി എന്നെ കുളിമുറിയിലിരുത്തി അന്നവര്‍ D.D.T ഇട്ട്‌ തല കഴുകിയതില്‍പ്പിന്നെ ഒരിക്കലും എന്റെ തലയില്‍ ഒരു പേന്‍ പോലും ഉണ്ടായിട്ടേയില്ല്ല…!!

* ആയുധങ്ങള്‍ : പേന്‍ ചീപ്പ്‌, ഈരുകൊല്ലി, കത്തി.
** ഒളിസങ്കേതങ്ങള്‍ : ചീപ്പ്‌ കൊണ്ട്‌ ചീകുമ്പോള്‍ കൊള്ളാത്ത കഴുത്തിന്റെ പുറകിലെ കുഴി, ചെവിയുടെ വശങ്ങള്‍

December 12, 2005

113442930237127971

Filed under: Uncategorized — കുട്ട്യേടത്തി|Kuttyedathi @ 6:01 pm

കെ എസ് പി അഥവാ കേരളത്തിന്റെ സ്വന്തം പുട്ട്‌

കെ എഫ്‌ സിയുടെ നാട്ടില്‍ എത്തിയ കാലം മുതല്‍ ഒരാള്‍ പറയുന്നതാണ്‌, പുട്ടു തിന്നാനുള്ള കൊതി….കുറ്റം പറയാനൊക്കുമോ ? breakfast നു maggie noodle ഉം sandwich ഉം french toast ഉം ഒക്കെ കഴിക്കുന്ന (രാവിലെ റ്റ്യൂഷനു പോകാന്‍ ഉള്ള തിരക്കില്‍ ഇതു തന്നെ കഴിക്കുന്നതു ബുദ്ധിമുട്ടിയാണേ ) കേരളത്തിലെ ഇപ്പോഴത്തെ തലമുറക്ക്‌ മുന്‍പ്‌ ജനിക്കാന്‍ ഭാഗ്യം ലഭിച്ച ഏതൊരു സാധാരണ മലയാളിക്കും തോന്നാവുന്ന ഒരു അതിസാധാരണ മോഹം.

പക്ഷേ, പുട്ടുകുറ്റി ഉണ്ടായിട്ടു വേണ്ടേ പുട്ടുണ്ടാക്കാന്‍ ? സായിപ്പിന്റെ നാട്ടില്‍ എവിടെ പുട്ടുകുറ്റി ? നമ്മള്‌ പശുവിനും ആടിനും ഒക്കെ കൊടുക്കുന്ന കണ്ട ഇലകളും കാടും പള്ളയും ഒക്കെ ചേര്‍ത്ത്‌ അതിന്റെ മീതെ എന്തെങ്കിലും ഒരു dressing ഉം ഇട്ട്‌ ‘സാലഡ്‌’ എന്ന ഓമനപ്പേരില്‍, അല്ലെങ്കില്‍ 2 bread ചേര്‍ത്തുവച്ച്‌ അതിനു നടുക്ക്‌ വീട്ടിലെ ഫ്രിഡ്ജ്‌ ല്‍ ബാക്കിയിരിക്കുന്ന എന്തെങ്കിലും.. മീറ്റ്‌/ചീസ്‌/തക്കാളി/ഫിഷ്‌/മുട്ട അങ്ങനെ എന്തെങ്കിലും എടുത്തുവച്ച്‌ sandwich …ഇതു 2 ഉം അല്ലാതെ വായ്ക്കു രുചിയായിട്ട്‌ എന്തെങ്കിലും ഉണ്ടാക്കാന്‍ ഇവര്‍ക്കറിയോ ?

എന്തിന്‌ ഇവരെപ്പറയണം ? നമ്മുടെ ബോംബെ …അയ്യോ അല്ല മുംബൈയില്‍വച്ച്‌ ഒരുകഷണം പുട്ടു തിന്നാന്‍.. ഒരു ഹോട്ടല്‍ അന്വേഷിച്ച്‌ നടന്നു നടന്നു ചെരിപ്പു തേഞ്ഞുതീര്‍ന്നതല്ലാതെ… ഇതൊക്കെ നമ്മുടെ കേരളത്തിന്റെ സ്വന്തം പ്രോഡക്ട്സ്‌ അല്ലെ ???പണ്ട്‌ ആരോ പാടിയ പോലെ…
” അരി പൊടിച്ച്‌ പൊടി വറുത്ത്‌ പുട്ടു ചുട്ട കേരളം..
(chorus) കേരളം… കേരളം.. കേരളം മനോഹരം….
മാണി ഉള്ള ജോസഫുള്ള പിള്ള ഉള്ള കേരളം..
(chorus) കേരളം… കേരളം.. കേരളം മനോഹരം….
മണ്ണു മാന്തി കൂന കുത്തി കപ്പ നട്ട കേരളം..
(chorus) കേരളം… കേരളം.. കേരളം മനോഹരം….

ഈ പാട്ടിന്റെ ബാക്കി ഞാന്‍ മറന്നു… ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പോസ്റ്റ്‌ ചെയ്താല്‍ ഉപകാരം.. (Thrichur സെന്തോമസു പയ്യന്മാരുടെ പാട്ടാണെന്നാ ഓര്‍മ. st. Marys ല്‍ പഠിച്ചിരുന്ന കാലത്ത്‌ കേട്ടതാ..)

china ക്കാരന്‍ ചെയ്യുന്നതു പോലെ മലയാളിയും നമ്മുടെ പുട്ടും, ഇടിയപ്പവും അവലോസുപൊടിയുമൊക്കെ ഒന്നു globalise ചെയ്തിരുന്നെങ്കില്‍ !! chinese Restaurent ല്‍ സായിപ്പ്‌ വന്നിരുന്ന് fried rice ഉം ഒക്കെ മൂക്കു മുട്ടെ തിന്നുന്നതു കാണുംബൊ മലയാളി യുടെ marketing skills അത്ര പോരല്ലോന്ന് തോന്നാറുണ്ട്‌.

അപ്പോ പറഞ്ഞു വന്നത്‌ പുട്ടുകുറ്റി. ഏവൂരാന്‍ tongue cleaner അന്വേഷിച്ച്‌ നടന്ന പോലെ ഞങ്ങള്‍ പുട്ടുകുറ്റി തപ്പി നടപ്പ്‌ തുടങ്ങി. അങ്ങനെ ഒരു ദിവസം..ഒരു indian store ല്‍ ചെന്നപ്പോ അതാ ഇരിക്കുന്നു നല്ല വെളുത്തു കൊലുന്നനെ ഉള്ള നീണ്ട്‌ മെലിഞ്ഞ സുന്ദരിയായ ഒരു പുട്ടുകുറ്റി..!!! അവള്‍ ആകെ ഒന്നു മിനുങ്ങിയിട്ടുണ്ട്‌ കേട്ടൊ. എന്റെ വീട്ടില്‍ പണ്ടുണ്ടാരുന്ന അലൂമിനിയം സാധനം ഒന്നുമല്ല.. ഇപ്പോ നല്ല വെട്ടി തിളങ്ങുന്ന സ്റ്റീലില്‍ ആണ്‌. പണ്ട്‌ കരോട്ടെ വീട്ടിലെ ഷര്‍ട്ട്‌ ഇടാത്ത ചാക്കോ ചേട്ടന്റെ കുടവയറു പോലെ ആരുന്നു. ഇപ്പോ കരിഷ്മ കപൂറിന്റെ വയറു പോലെ ..slim beauty ആയിട്ട്‌…
കുറുക്കന്‍ കോഴിയെ കണ്ടതു പോലെ ഞാന്‍ ചാടി വീണു..
‘എന്താ ഒരു സ്ട്രക്ചറ്‌’ !!! പണ്ട്‌ മോഹന്‍ലാല്‍ നാഗവല്ലിയെ നോക്കി വെള്ളമിറക്കിയ പോലെ…
അതാ അവളുടെ അടുത്തിരിക്കുന്നു , കുറച്ചു കൂടി പത്രാസ്‌ കൂടിയ വേറൊരുത്തി.. പ്രഷര്‍ കുക്കര്‍ പുട്ടു കുറ്റി combo.. പ്രഷര്‍ കുക്കറിന്റെ മുകളില്‍ ഫിറ്റ്‌ ചെയ്യുന്ന സ്റ്റൈലില്‍… ഐഡിയ നോക്കണെ. എന്തായാലും പ്രഷര്‍ കുക്കറിന്റെ മുകളില്‍ അങ്ങനെ ഒരു കുന്ത്രാണ്ടം ഉണ്ട്‌. അതില്‍ കൂടെ വെറുതേ കാറ്റിങ്ങനെ പോയ്കോണ്ടുമിരിക്കുവാ. എന്നാ പിന്നെ അവിടെ ഒരു പുട്ടു കുറ്റി ഫിറ്റ്‌ ചെയ്താലോ. പ്രഷര്‍ കുക്കറിന്‌ ചേതമില്ലാത്ത ഒരുപകാരം… പുട്ടു കുറ്റിക്കോ ?
‘അവരും അറിയട്ടെ നമ്മളും modern ആണെന്ന്’, എന്ന പരസ്യത്തിലെ പെണ്ണിനെ പോലെ നടക്കുകയും ചെയ്യാം.!!. പുട്ട്‌ വെന്തും കിട്ടും.. ഓ..ഈ മനുഷേമ്മാരേ കൊണ്ടു ഞാന്‍ തോറ്റു…ഞാന്‍ എന്തെങ്കിലും ഒന്ന് കണ്ടുപിടിക്കാമെന്നു മനസ്സില്‍ വിചാരിക്കുമ്പോഴേക്കും ഏതെങ്കിലുമൊരുത്തന്‍ കേറി അതങ്ങ്‌ കണ്ടു പിടിച്ചു കളയും…തല്‍ക്കാലം വീട്ടില്‍ പ്രഷര്‍ കുക്കര്‍ ഒരെണ്ണം ഉള്ളതു കൊണ്ട്‌ നമുക്കു കോംബോ വേണ്ടാ.., വെറും പുട്ടുകുറ്റി മതി..അല്ലെങ്കിലും ഒരു വീട്ടില്‍ 2 സുന്ദരിമാര്‍ വാഴില്ലെന്നല്ലേ ? വില എത്ര ആണാവോ ?.
വെറും 15 ഡോളര്‍ !!! 15 ഡോളറോ… എന്റെ പൊന്നും കുരിശുമല മുത്തപ്പോ… 15 * 45 = 675 രൂപ!!!! … (എല്ലാത്തിനും ഒരു ഡോളര്‍ to രൂപാ conversion ഇപ്പോഴും എന്റെ വീക്‌ക്‍നെസാ) ചതി… കൊല ചതി !!! നാട്ടില്‍ ന്നു 35 രൂപ ക്കു പുട്ടുകുറ്റി മേടിച്ച്‌ ഇവിടെ കൊണ്ടു വന്ന് … ഇതിലും ഭേദം ഇവര്‍ക്ക്‌ കത്തി എടുത്ത്‌ മനുഷ്യന്മാരെ കുത്തിക്കൊന്ന് കാശു വാങ്ങരുതോ ??? 675 രൂപ കൊടുത്ത്‌ പുട്ടുകുറ്റി മേടിച്ച്‌ പുട്ട്‌ ഉണ്ടാക്കി തിന്നാല്‍…അത്‌ തൊണ്ടയ്ക്കു കീപ്പോട്ട്‌ ഇറങ്ങൂല്ല്ല… തല്‍ക്കാലം.. പുട്ടു തിന്നണ്ട.. ഒരു ആശയടക്കം.. ജോലി രാജി വച്ച്‌ Indian store തുടങ്ങിയാലോ….

അങ്ങനെ പുട്ട്‌ തിന്നുന്നത്‌ സ്വപ്നം കണ്ട്‌ മാസങ്ങള്‍ 5-6 കടന്നു പോയി.. അപ്പോള്‍ ഒരു ദിവസം ഡാഡീടെ കാള്‍..
” ഞാന്‍ വരുമ്പോ നിനക്ക്‌ പ്രത്യേകിച്ച്‌ ഒന്നും കൊണ്ടു വരണ്ടല്ലോ ല്ലെ ?”
” ..കൊള്ളാം… ? നല്ല ചോദ്യം..!!! ഡാഡി ഒരു പേപ്പറും പേനയുമെടുത്ത്‌ എഴുതിക്കേ…അല്ലെങ്കില്‍ മറന്നു പോയാലോ “
“പുട്ടു കുറ്റി, ഇടിയപ്പക്കുറ്റി, ഇഡലിപ്പാത്രം, അച്ചപ്പത്തിന്റെ അച്ച്‌, പാലപ്പ ചട്ടി, കുടം പുളി, വാളം പുളി, ഉണക്ക മീന്‍, ചെമ്മീന്‍, ഉണക്കക്കപ്പ….”
” പിന്നെ… പനി വരുമ്പോ ചുക്കുകാപ്പി ഉണ്ടാക്കാന്‍..ചുക്കും കുരുമുളകും….”
“.. പിന്നെ കുറച്ച്‌ ചമ്മന്തി പൊടി ഇടിപ്പിച്ചു കൊണ്ടു പോരേ.. കുറച്ച്‌ അവലോസുപൊടി കൂടി ഉണ്ടാക്കിച്ചോ… “
“പിന്നെ നമ്മുടെ ഇരുമ്പന്‍ പുളിമരം നെറയെ ഇപ്പോ ഇലുമ്പിക്ക ഉണ്ടായി കിടക്കുവാരിക്കുമല്ല്ലൊ… അതും കുറച്ച്‌ അച്ചാര്‍ ഇടീച്ചോളൂ..”
” ആ ഡാഡി പിന്നേ… പെട്ടീല്‌ സ്ഥലം ഉണ്ടെങ്കില്‍ ഒരു 100 ജിലേബി മേടിച്ചോ.. കഴിഞ്ഞ പ്രാവശ്യം മേടിച്ച അതേ ബേക്കറിയില്‍ന്നു തന്നെ മേടിക്കണേ…”
” അയ്യോ.. ഡാഡി ഏറ്റോം പ്രധാനപ്പെട്ടതു മറന്നു.. ഒരു വാക്കത്തി വേണം.. എല്ലും കപ്പയുംകൂടി ഉണ്ടാക്കാംന്നു വച്ചാല്‍ എല്ലു വെട്ടാന്‍ പറ്റിയ നല്ല കത്തി ഉണ്ടായിട്ടു വേണ്ടേ ?? ” (ഇതിലും വലിയ വാക്കത്തി ഇനീം വേണോ എന്നൊരാള്‍ അപ്പുറത്തിരുന്നു വിചാരിക്കണത്‌ എനിക്കിവിടെ കേള്‍ക്കാം…പാവം ഡാഡിയെക്കൊണ്ട്‌ കുറേ പുത്തകം കരയ്ക്കടുപ്പിക്കാന്‍ പ്ലാനിട്ടിരുന്നതാ…ഇനി ആ പെട്ടിയില്‍ എവിടെ സ്ഥലം)
“ആ പിന്നെ.. ഹലോ… ഹലോ… ഹെല്ല്ലോൊ… കട്ട്‌ ആയീന്നു തോന്നണു..”. ( ഡാഡിക്ക്‌ ബോധം പോയതാരിക്കും ???)
എന്തായാലും പാവം ഡാഡി വന്നപ്പൊ പുട്ടുകുറ്റി കൊണ്ടുവന്നു… പുട്ടും പഴവും കൂടി ഇങ്ങനെ കുഴച്ചു കുഴച്ചു തിന്നുമ്പൊ…. ആഹഹ.. എന്താ രുചി .. എന്തായാലും നീണ്ട നാളത്തെ കൊതിതീര്‍ത്തു കൊടുക്കാന്‍ പറ്റിയല്ല്ലൊ… ഇരുന്ന ഇരുപ്പില്‍ ഒന്നരക്കുറ്റി പുട്ടു തിന്നുന്ന കണ്ടപ്പോത്തന്നെ എന്റെ മനസ്സും വയറും നിറഞ്ഞു…

ഞാന്‍ അങ്ങിനെ ആത്മനിര്‍വൃതി അടഞ്ഞിരിക്കുന്ന സമയം… ദാ വരുന്നു അടുത്തത്‌
” താന്‍ പുട്ടും കടലയും കഴിച്ചിട്ടുണ്ടൊ.. ? കിടിലം കോമ്പൊ… ആരപ്പാ അതു കണ്ടുപിടിച്ചത്‌.. ? എന്താ ഒരു ടേസ്റ്റ്‌… ? പുട്ടും പഴവുമൊന്നും അതിന്റെ മുന്നില്‍ ഒന്നുമല്ല്ല… ” ..
നോക്കണേ അതിമോഹം!!!!… ഇതാണു മനുഷ്യന്റെ ഒരു കുഴപ്പം..മോഹം ആകാം…. അതിമോഹം പാടുണ്ടോ ??? ജീവിതത്തില്‍ ഇതുവരെ കടലക്കറി വച്ചിട്ടില്ല.. പണ്ടെന്നോ കൂട്ടിയ ഓര്‍മയുണ്ട്‌.. നല്ല ബ്രൌണ്‍ കളറില്‍.. തേങ്ങയും മല്ലിയും കൂടി വറുത്തരച്ചിട്ടായിരിക്കണം…
ആളു ഭയങ്കര picky ആണേ.. “തേങ്ങ വറുത്തത്‌ കുറച്ചൂടി മൂക്കണമാരുന്നു, ചാറു കുറച്ചൂടി നീണ്ടിരുന്നെങ്കില്‍ പെര്‍ഫെക്റ്റ്‌ ആയേനെ എന്നൊക്കെ പറഞ്ഞുകളയും… ഞാനാണെങ്കില്‍ തിരിച്ചിങ്ങോട്ടു കടിക്കൂല്ലാത്ത എന്തും ശാപ്പിടുന്ന ടൈപ്പ്‌..
“എന്റെ ഗൂഗിളു പുണ്യാളച്ചോ..സഹായിക്കണേ..” ഞാന്‍ ഗൂഗിളെടുത്ത്‌ അടിച്ചു.. ‘ കടല’….. ഓ കിട്ടുന്നതെല്ലാം..മറ്റേ വൈറ്റ്‌ കടലയുടെ റെസിപീസ്‌.. ചന്ന എന്നു പറയണ ആ സാധനം ..പണ്ടു ഹോസ്റ്റലില്‍ ആരുന്നപ്പോ ഗതിയില്ലാത്തതുകൊണ്ട്‌ തിന്നിട്ടുണ്ട്‌. ഞാന്‍ കീവേഡ്‌ ഒന്നു മാറ്റി നോക്കി.. ‘കടലക്കറി’… നോ രക്ഷ..അപ്പോഴാണു ട്യൂബ്‌ലൈറ്റ്‌ കത്തിയത്‌… ‘പുട്ട്‌’… ദാണ്ടേ വരണു ഇഷ്ടമ്പോലെ recipies… “പുട്ട്‌ ആന്‍ഡ്‌ കടലക്കറി are the most popular kerala breakfast recipies…”

അങ്ങിനെ കടലക്കറി ഉണ്ടാക്കി.. പുട്ടും കടലയും കൂടി കുഴച്ചു കുഴച്ചു കഴിക്കുന്ന കണ്ടപ്പോ ഒരിക്കല്‍ക്കൂടി എന്റെ മനസ്സു നിറഞ്ഞു.. അവസാനം ഏംബക്കം വിട്ട്‌ , വിരലു കൂടി നക്കിക്കൊണ്ട്‌… “താന്‍ ചിരട്ടപ്പുട്ടു കഴിച്ചിട്ടുണ്ടോ… ? ഈ പുട്ടു കുറ്റിയില്‍ ഉണ്ടാക്കുന്ന പോലെയല്ല്ല… recently തേങ്ങാ ചിരണ്ടിയ, നനവു മാറാത്ത, കണ്ണന്‍ചിരട്ടയില്‍ ഉണ്ടാക്കണം. അതാണു മോളേ പുട്ട്‌….!!! എന്താ ഒരു രുചി… !!!!! അതിന്റെ മുന്നില്‍ ഈ പുട്ടുകുറ്റിയിലെ പുട്ട്‌ ഒന്നും അല്ല.. ഇപ്പോഴും എന്റെ നാവില്‍ ഉണ്ട്‌…പണ്ട്‌ നാട്ടീ‍ന്നു കഴിച്ചതിന്റെ ഒരു taste”

മോഹം ആകാം… അതിമോഹം കുറച്ചൊക്കെ…. അത്യാഗ്രഹം ആയാലോ…. !!!!
ആരാണെനിക്ക് നാട്ടില്‍ നിന്ന്‌ ഒരു ലോറി കണ്ണന്‍ ചിരട്ട പാഴ്‌സല്‍ അയച്ചു തരുക ???

December 2, 2005

113358435266712292

Filed under: Uncategorized — കുട്ട്യേടത്തി|Kuttyedathi @ 11:08 pm

അങ്ങനെ ഞാനും ബ്ലോഗുണ്ടാക്കി. കുറെക്കാലമായിട്ടു മനസ്സിലുള്ള ഒരു പൂതിയാണേ. ഇതിനിപ്പോ നന്ദി പറയേണ്ടതു നെയ്യപ്പത്തിനാണ്‌. ഇന്ത്യന്‍ സ്റ്റോറിലെ ഫ്രോസന്‍ നെയ്യപ്പത്തിന്‌. നെയ്യപ്പം കണ്ടപ്പൊ ആക്രാന്തം മൂത്തു മേടിച്ചതാ. ഇന്നു വൈകിട്ടു മൈക്രോവേവില്‍വച്ചു അതു ചൂടാക്കി അടിച്ചു. 10 മിനിറ്റ്‌ കഴിഞ്ഞപ്പോ ഒരു വിളി വന്നു….
” ഒരു വയറുവേദന പോലെ… നെയ്യപ്പം പിടിച്ചില്ലാന്നു തോന്നണു..”.
” ആണോ..എന്നാല്‍ ഒരു 5 മിനിറ്റ്‌ ഒന്നു കമന്നുകിടന്നു നോക്കൂ.. പോകുമായിരിക്കും ” എന്നു ഞാന്‍ പറഞ്ഞു.
അങ്ങിനെ എങ്കിലും 5 മിനിറ്റ്‌ എനിക്കു ആ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഒന്നിരിക്കാന്‍ കിട്ടുമല്ലോ എന്നു മനസ്സില്‍ വിചാരിച്ചു. ആളു കിടക്കാന്‍ പോയതും ഞാന്‍ കമ്പ്യൂട്ടറിനു മുന്നില്‍ ആസനസ്തയായി.
ബ്ലോഗന്മാരും ബ്ലോഗിണികളും ഒക്കെ എന്തു പറയുന്നു എന്നൊന്നു നോക്കിക്കളയാം. വായിച്ചു തുടങ്ങുമ്പോ സ്വന്തം കണവന്റെ ബ്ലോഗുതന്നെ തുടങ്ങണമല്ലോ. ഓപ്പണായി കിടപ്പുണ്ട്‌. ഇന്ന്‌ ഒരു പോസ്റ്റ്‌ ഉണ്ടല്ലോ.. ‘ആണ്‍കുട്ടി ‘ ഓഹോ.. അപ്പോ ഇതാണല്ലേ സിറ്റ്ഗോയില്‍ തന്നെ ഫ്യൂവല്‍ അടിക്കാന്‍ പോണതിന്റെ കാരണം… കിറുക്കുതന്നെ.

കഴിഞ്ഞ ദിവസം ‘പേരില്ലാത്തവന്‍ പേരക്ക’ എന്നോ കോവക്ക എന്നോമറ്റോ ഒരെണ്ണം എഴുതിയല്ലോ.. അത്‌ ഒന്നുകൂടി വായിച്ചു കളയാമെന്നു വിചാരിച്ചു.. നോക്കിയപ്പൊ അതു കാണുന്നില്ല. ഓക്കെ, ആര്‍ക്കൈവ്‌സിലായിരിക്കും എന്നു കരുതി അവിടെ തിരഞ്ഞു. നോ രക്ഷ! ഇതു കൊള്ളാല്ലൊ വീഡിയോണ്‍, പണ്ട്‌ സൂന്റെ ബ്ലോഗ്‌ മൊത്തമായിട്ടു പോയി എന്നു കേട്ടിട്ടുണ്ട്‌. ഇതിപ്പോ ബ്ലോഗിലെ പൊസ്റ്റുകള്‍ കാണുന്നില്ല.

5 മിനിറ്റ്‌ കിടക്കാന്‍പോയ വയറുവേദനക്കാരന്റെ കൂര്‍ക്കംവലി എനിക്ക്‌ ഇവിടെ കേള്‍ക്കാം. ഈ ഹോട്ട്‌ ന്യൂസ്‌ ചൂടാറാതെ അറിയിക്കാന്‍ ഞാന്‍ ഓടി.
‘അതേയ്‌.. കഴിഞ്ഞ ദിവസം എഴുതിയതൊന്നും ഇപ്പോ ബ്ലോഗില്‍ ഇല്ല…”.
“ഉണ്ടെടോ, താന്‍ ശരിക്കു നോക്കാഞ്ഞിട്ടാ…”
“അല്ലെന്നേ ഞാന്‍ നോക്കി… ഇപ്പ്പൊ ആകെ ഉള്ളതു ഇന്നത്തെ പോസ്റ്റും..പിന്നെ വേറെ ഒരെണ്ണവും. ആ പേരില്ലാത്തവന്റെ ഒന്നും കാണുന്നില്ല.. “
” ഓ..അതോ.. അതു മറ്റേ ബ്ലോഗിലല്ലേ “
“മറ്റേ ബ്ലോഗൊ..അതേതു ബ്ലോഗ്‌ “
“ബുദ്ധൂസേ…എനിക്ക്‌ 2 ബ്ലോഗില്ലേ അതൊക്കെ മറ്റെ ബ്ലോഗിലാണ്‌……”
” 2 ബ്ലോഗോ..??
എപ്പോഴും ഓപ്പണ്‍ ചെയ്തിട്ടിരിക്കണതു വായിക്കും എന്നല്ലാതെ 2 ബ്ലോഗ്‌ ഉണ്ടെന്നുള്ളകാര്യം ഞാന്‍ നോട്ടീസ്‌ ചെയ്തിട്ടേ ഇല്ലായിരുന്നു .
അമ്പടാ… നോക്കണേ അഹങ്കാരം… 2 ബ്ലോഗ്‌!!!! ഈ പാവം ഞാനോ ?? സ്വന്തമായി ഒരു ബ്ലോഗ്‌ പോലും ഇല്ല… നീ ഉണ്ടില്ലെങ്കിലും അവളെ ഊട്ടണം എന്നല്ലേ.. ?? നീ ബ്ലോഗ്‌ ഉണ്ടാക്കിയില്ലെങ്കിലും അവള്‍ക്കു ബ്ലോഗ്‌ ഉണ്ടാക്കി കൊടുക്കണം എന്നല്ലേ ??? അല്ലെങ്കില്‍ പോട്ടെ…2 ഉള്ളവന്‍ 1 ഇല്ലാത്തവനു കൊടുക്കട്ടെ എന്നല്ലേ ??? ‘ ഇന്നു മുതല്‍ മരണം വരെ…സന്തോഷത്തിലും ദുഖത്തിലും, ദാരിദ്ര്യത്തിലും…സമ്പത്തിലും, ബ്ലോഗിലും എന്നു എടുത്തു പറഞ്ഞില്ല എന്നു കരുതി… അതും ഇമ്പ്ലൈഡ്‌ അല്ലേ.. ???
ഓഹോ.അങ്ങനെ വിട്ടുകൊടുത്താല്‍ പറ്റില്ലല്ലോ.
“വയറുവേദന പോയോ ??
“പോയി..”
” എന്നാലും കുറച്ചൂടെ റസ്റ്റ്‌ എടുത്തോളൂ ട്ടൊ.. “
കള്ള സോഷ്യലിസ്റ്റ് ! ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നതല്ലെ സോഷ്യലിസം. ചാവെസിന്റെ ആരാധകനാണുപോലും! ഞാന്‍ തിരിച്ചുവന്നു. ഒരു ബ്ലോഗ്‌ ഉണ്ടാക്കിയിട്ടു തന്നെ വേറേ കാര്യം. ഉണ്ടാക്കി…ഇതു ആദ്യത്തെ പോസ്റ്റ്‌ !!! നെയ്യപ്പം തിന്നാല്‍ 2 ഉണ്ടു ഗുണം എന്നു പണ്ടുള്ളവര്‍ പറഞ്ഞത്‌ ഇപ്പൊ മനസ്സിലായി.

Theme: WordPress Classic. Blog at WordPress.com.

Follow

Get every new post delivered to your Inbox.